‘ക്യാമ്പ് വിജയിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു അവന്‍, അതിനിടയിലാണ്…’; വടകര മടപ്പള്ളി സ്വദേശി സഗീഷിന്റെ വിയോഗത്തോടെ പാതിവഴിയിലായ ജീവകാരുണ്യ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്താനൊരുങ്ങി സുഹൃത്തുക്കള്‍
വടകര: സാംസ്‌കാരിക സംഘടനയായ ഗ്രാമം യു.എ.ഇ യുടെ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ സഗീഷ് യാത്രയായത് ഒരുപാട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ബാക്കിയാക്കി. യു.എ.ഇ.യില്‍ ഇന്നലെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഓട്ടത്തിലായിരുന്നു സഗീഷ് കുറച്ചു ദിവസമായി. ആളുകളെ വിളിക്കുന്നതിനും മുന്നൊരുക്കങ്ങള്‍ ഏര്‍പ്പാടുക്കുന്നതിനും എല്ലാം മുന്‍പന്തിയില്‍ തന്നെയായിരുന്നു സഗീഷ്. എന്നാല്‍ ഇത് നിറവേറ്റാന്‍ കഴിയാതെയാണ് സഗീഷ് യാത്രയായത്.
പക്ഷേ സഗീഷിന് വേണ്ടി സുഹൃത്തുക്കള്‍ സ്ലോട്ട് ലഭിക്കുന്ന മറ്റൊരു ദിവസം തന്നെ സഗീഷിന്റെ പേരില്‍ അവന്റെ ഓര്‍മ്മയ്ക്കായി രക്തദാന ക്യാമ്പ് ഏറ്റെടുത്ത് നടത്തുമെന്ന് ഗ്രാമം സംഘടന പ്രവര്‍ത്തകര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൂടാതെ സഗീഷിന്റെ പേരില്‍ അനുസ്മരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
നാട്ടിലും സാമൂഹ്യ, സാംസ്‌കാരി മേഖലകളിലും സജീവമായിരുന്നു മടപ്പള്ളി അറയ്ക്കൽ സ്വദേശി സഗീഷ്. ആര്‍.എം.പി.ഐ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് സഗീഷ് നാട്ടില്‍ വന്നു പോയത്. പുതിയ വീട്ടിലേക്ക് ഏപ്രില്‍ മാസത്തോടു കൂടി താമസം മാറാം എന്ന പ്രതീക്ഷയോടെയാണ് പ്രവാസ ജീവിതത്തിലേക്ക് വീണ്ടും കടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബര്‍ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ പത്ത് വര്‍ഷമായി അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു സഗീഷ്. അതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നത്.