സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തിയില്ല; ജെഡി ഓഫീസില്‍ പ്രതിഷേധവുമായി വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ


നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താത്തതിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങൾ ജോയിൻ ഡയറക്ടറുടെ ഓഫീസില്‍ പ്രതിഷേധിച്ചു. ലൈഫ് ഭവന പദ്ധതി, ക്ഷേമ പെൻഷൻ തുടങ്ങിയ സാധാരണക്കാരെ ബാധിക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും ഭാഗികമായി നിലച്ചതോടെയാണ്‌ ഭരണസമിതി അംഗങ്ങൾ പ്രതിഷേധവുമായി ഇന്നലെ രാവിലെ ജെ.ഡി ഓഫീസിൽ എത്തിയത്.

സെക്രട്ടറി, മൂന്ന് സീനിയർ ക്ലർക്ക്, രണ്ട് ജൂനിയർ ക്ലർക്ക്, രണ്ട് വി.ഇ.ഒ, ഐ.സി.ഡി.എസ്‌ സൂപ്പർ വൈസർ, രണ്ട് ഓവർസിയർ, കൃഷി ഓഫീസ് അസിസ്റ്റന്റ് എന്നീ ഒഴിവുകളാണ് നിലവിൽ പഞ്ചായത്തിൽ ഉള്ളത്. പകരം ജീവനക്കാരെ നിയമിക്കാതെയാണ് നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഉരുൾ പൊട്ടലുമായി ബദ്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന പഞ്ചായത്ത് എന്ന നിലയ്ക്ക്‌ ജീവനക്കാരുടെ കുറവ് ഏറെ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്‌. ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡുകൾ ദുരന്ത മേഖലയായി ഇതിനോടകം സർക്കാർ പ്രഖ്യാപിച്ചതുമാണ്. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ഘട്ടത്തിൽ വിലങ്ങാട് വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഫലമായി ഒരു വിഇഒ നാളെ തന്നെ ജോയിൻ ചെയ്യുമെന്നും, രണ്ട് സീനിയർ ക്ലർക്കുമാരെ രണ്ട് ദിവസത്തിനകം അപ്പോയിന്റ്‌ ചെയ്യാമെന്നും, സെക്രട്ടറി ഉൾപ്പെടെ മറ്റു ഒഴുവുകളിലേക്ക് ഉടൻ പരിഹാരം കാണുമെന്നും ജോയിൻ ഡയറക്ടറും, ഡെപ്യൂട്ടി ഡയറക്ടറും ഉറപ്പ് നൽകി. ഒരാഴ്ചക്കകം ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഒഴിവ് നികത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധാവുമായി മുന്നോട്ട് വരുമെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ, വൈസ് പ്രസിഡന്റ്‌ സൽമ രാജു, മെമ്പർമാരായ എം.കെ മജീദ്, ശിവറാം, റംഷിദ് ചേരനാണ്ടി, ശാരദ, അനസ് നങ്ങാണ്ടി, ജാൻസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Description: Vanimeel gram panchayat administrative committee members protest at JD office