പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിച്ച്, മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍; ജനങ്ങള്‍ക്കും വനം വകുപ്പിനുമിടയില്‍ ആരോഗ്യകരമായ ബന്ധം ലക്ഷ്യമിട്ട് പേരാമ്പ്രയില്‍ നാളെ വനസൗഹൃദ സദസ്സ്


പേരാമ്പ്ര: വനം വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും ജനങ്ങള്‍ക്കും വനം വകുപ്പിനുമിടയില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പാക്കുന്നതിനുമായി പേരാമ്പ്രയില്‍ വനസൗഹൃദ സദസ്സ് നടത്തുന്നു. വ്യാഴാഴ്ച്ച രാവിലെ 10.30ന് വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ഹാളിലാണ് പരിപാടി നടക്കുന്നത്. വനസൗഹൃദ സദസ്സില്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ ഓഫീസുകളില്‍ ഇതിനകം ലഭിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക, മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിദഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വീകരിയ്ക്കുക, വകുപ്പ് കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് വന സൗഹൃദ സദസ്സിലൂടെ ലക്ഷ്യമിടുന്നത്. വന്യജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം, പരിക്കേറ്റവര്‍ക്കുള്ള ആനുകൂല്യം, കൃഷിനാശവും കെട്ടിട നാശവും സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം, വനമേഖല പ്രദേശങ്ങളിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വിവിധ തരം നിരാക്ഷേപ പത്രങ്ങള്‍ ലഭ്യമാക്കുന്നതിലെ പ്രശ്‌നങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരങ്ങള്‍ മുറിച്ചു മാറ്റല്‍, ജോയിന്റ് സര്‍വ്വേ നടത്തി പരിഹരിക്കേണ്ട വിഷയങ്ങള്‍, വസ്തു വില്‍പന നടത്തുന്നതിന് എന്‍.ഒ.സി ലഭിക്കാത്ത പ്രശ്‌നങ്ങള്‍ എന്നിവയാണ് വന സൗഹൃദ സദസ്സില്‍ പരിഹരിക്കപ്പെടേണ്ട പ്രധാന വിഷയങ്ങള്‍. പുതുതായി ലഭിക്കുന്ന പരാതികളും അപേക്ഷകളും സംസ്ഥാന സര്‍ക്കാരിന്റെ താലൂക്ക് തല അദാലത്തിലൂടെ പരിശോധിക്കും. ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും വിദഗ്ധര്‍ക്കും പ്രശ്‌ന പരിഹാരത്തിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് വന സൗഹൃദ സദസ്സ് അവസരം നല്‍കുന്നത്.