നാട്ടുകാർ ഒന്നായി നിന്ന് ശുചീകരിച്ചു; ചോറോട് പഞ്ചായത്തിലെ വള്ളിക്കാട് ഇനി ഹരിത ടൗൺ
ചോറോട്: മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി ചോറോട് പഞ്ചായത്തിലെ പ്രധാന ടൗൺ ആയ വള്ളിക്കാട് ടൗണിനെ ഹരിത ടൗണായി പ്രഖ്യാപിച്ചു. വള്ളിക്കാട് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ പ്രഖ്യാപനം നടത്തി. ജനപങ്കാളിത്തത്തോടെ ടൗൺ ശുചീകരിച്ച് വെയ്സ്റ്റ് ബിന്നുകളും പൂച്ചെട്ടികളും സ്ഥാപിച്ചു.
രേവതി പെരുവാണ്ടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിൻഷി ശുചിത്വ പ്രതിജ്ഞ ചൊല്ലി. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി ഹരിത ടൗൺ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത മോഹൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ മധുസൂദനൻ, ശ്യാമള പൂവേരി, സി നാരായണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഹരിത ടൗൺ സംഘാടന സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗങ്ങൾ ,ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ,തൊഴിലുറപ്പ് അംഗങ്ങൾ കച്ചവടക്കാർ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു. വള്ളിക്കാട് ഹരിത ടൗൺ പ്രഖ്യാപനത്തിനു മുന്നോടിയായി ടൗണിൽ സംഘാടന സമിതി രൂപീകരിച്ചിരുന്നു. സംഘാടന സമിതിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങളും കച്ചവടക്കാർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. ടൗണിൽ വിപുലമായ ശുചിത്വ റാലിയും നടത്തി.