”കുഞ്ഞുങ്ങളുടെ നിര്‍മ്മാണത്തിലെ അപാകതയാണെന്ന് കരുതിയെങ്കില്‍ തെറ്റി, വ്യക്തികള്‍ മാറും ചെയ്യുന്ന പ്രവൃത്തിയാണ് പ്രധാനം”; ലഹരിയ്‌ക്കെതിരെ ബൃഹത്തായ സന്ദേശവുമായി വാല്യക്കോട് സ്വദേശിയായ കാര്‍ത്തിക്കിന്റെയും ധ്രുവിന്റെയും വീഡിയോ


‘ശരീരത്തിനും സമൂഹത്തിനും ദോഷമായ ലഹരികള്‍ നമുക്ക് വേണ്ട, ലഹരി സ്വപ്നങ്ങള്‍ തകര്‍ക്കും, സേ നോ ടു ഡ്രഗ്‌സ്’ പറയുന്നത് മറ്റാരുമല്ല വാല്യക്കോട് സ്വദേശിയായ കാര്‍ത്തിക് എസ്.ഗിരിയും ബന്ധുവായ ഡ്രുവ് ലാല്‍ എസ് ദേവുമാണ്. ആറിലും അഞ്ചിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ലഹരി ഉപയോഗത്തിനെതിരെയുള്ള ബൃഹത്തായ സന്ദേശം നല്‍കുന്ന വീഡിയോയുമായി രംഗത്തെത്തിയത്.

ലഹരിക്ക് അടിയമായ കുട്ടിയുടെ ജീവിതമാണ് കുഞ്ഞ് വീഡിയോയിലുള്ളത്. ചെസ്സിനെയും ഫുട്‌ബോളിനെയും പ്രണയിച്ചിരുന്നവന്‍ ലഹരിയെ കൂട്ടുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളാണ് വീഡിയോയിലൂടെ കുട്ടികള്‍ മുന്നോട്ട് വെക്കുന്ന ആശയം. കഥാപാത്രങ്ങള്‍ക്കിടയില്‍ സംഭാഷണങ്ങളൊന്നും കടന്നുവരാത മ്യൂസിക്കിന്റെ മാത്രം സഹായത്തോടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കാര്‍ത്തികാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. ലഹരി സ്വപ്നങ്ങളെല്ലാം നശിപ്പിക്കും, ലഹരിയോട് നോ പറയാം എന്ന വാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോയില്‍ കഥാപാത്രങ്ങളായി പലരും വരുന്നുണ്ടെങ്കിലും ഇവരുടെ മുഖം കാണിക്കുന്നതരത്തിലല്ല വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുടെ നിര്‍മ്മാണത്തിലെ അപാകതയായാണിതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വ്യക്തികള്‍ മാറുമെന്നും അവര്‍ ചെയ്യുന്ന പ്രവൃത്തിക്കാണ് പ്രാധാന്യമെന്നുമാണ് കാര്‍ത്തിക്ക് പറയുന്നത്. മുഖം കാണാത്ത തരത്തില്‍ തന്നെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നെന്നും കാര്‍ത്തിക്ക് പറയുന്നു. വെറും രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വീടിന്റെ അന്തരീക്ഷത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പൂണ്ണമായും മൊബൈല്‍ ഉപയോഗിച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് കാര്‍ത്തികിന്റെ അമ്മ സൂര്യ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇവര്‍ തന്നെയാണ് എഡിറ്റിംഗും സൗണ്ട് മിക്‌സിംഗ് ഉള്‍പ്പെടെ ഇതിനാവശ്യമായവയെല്ലാം ചെയ്തിരിക്കുന്നതെന്നും സൂര്യ പറഞ്ഞു. സിനിമകളെ ഏറെ ഇഷ്ടമുള്ള ആളാണ് കാര്‍ത്തിക്. സഹോദരന്റെ മകന്‍ വന്നപ്പോള്‍ വെറുതെ വീഡിയോ എടുത്തതാണ്. ലഹരിക്കെതിരെ വീഡിയോ നിര്‍മ്മിക്കുന്നത് നന്നാവുമെന്ന് ബന്ധുവും അധ്യാപകനുമായ ആനന്ദ കിഷോര്‍ പൂതേരി പറഞ്ഞതോടെ വീണ്ടും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ കണ്ട് നിരവധി പേര്‍ ആശംസകളറിയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്- സൂര്യ പറഞ്ഞു.

നേരത്തെയും കാര്‍ത്തിക് തയ്യാറാക്കിയ വീഡിയോ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കൊറോണക്കാലത്താണ് Love Lock എന്ന വീഡിയോയാണ് തയ്യാറാക്കിയത്. സഹോദരനൊപ്പം എസ്.പി.സി ക്ക് വേണ്ടിയാണ് വീഡിയോ തയ്യാറാക്കിയത്. നിരവധി എന്‍ട്രികളില്‍ മികച്ചതായി Love Lockനെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

അധ്യാപകരായ ഗിരീഷ് ബാബുവിന്റെയും സൂര്യയുടെയും മകനാണ്. പാര്‍ത്ഥിവ് എസ് ഗിരി സഹോദരനാണ്. വാല്യക്കോട് എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്.

കാര്‍ത്തിക്കിന്റെ അമ്മാവന്‍ സൂരജ് ലാലിന്റെയും സജിതയുടെയും മകനാണ് ധ്രുവ്. ദക്ഷ് ലാല്‍ എസ് സഹോദരനാണ്. എറണാകുളത്തെ ഭവന്‍സ് വിദ്യാമന്തിറിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ധ്രുവ്.