ലൈഫ് ഭവനനിർമാണപദ്ധതിക്ക്‌ നാലുകോടി, കാർഷികമേഖലയ്ക്ക്‌ ഒന്നരക്കോടി; ഭവനനിർമാണത്തിനും, ഉത്‌പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത്‌ ബജറ്റ്


വളയം: ഭവനനിർമാണത്തിനും, ഉത്‌പാദനമേഖലയ്ക്കും ഊന്നൽ നൽകി വളയം ഗ്രാമപഞ്ചായത്ത്‌ ബജറ്റ്. ഗ്രാമപ്പഞ്ചായത്ത് വൈസ്‌ പ്രസിഡൻറ് പി.ടി നിഷ ബജറ്റ് അവതരിപ്പിച്ചു. 28,38,64,415 രൂപ വരവും 28,17,97,100 ചെലവും 20,67,315 രൂപ ബാക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ നാലുകോടി ലൈഫ് ഭവനനിർമാണപദ്ധതിക്ക്‌ മാറ്റിവെച്ചിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു.

കാർഷികമേഖലയിലെ ഉത്‌പാദനക്ഷമത വർധിപ്പിക്കാൻ ഒന്നരക്കോടിയും, ഭിന്നശേഷി ക്ഷേമത്തിന് രണ്ടരക്കോടിയും, ശുചിത്വമേഖലയ്ക്ക് രണ്ടുകോടി അറുപതുലക്ഷം രൂപയും, ദാരിദ്ര്യലഘൂകരണത്തിന് എട്ടുകോടി തൊണ്ണൂറ്റിയാറായിരം രൂപയുമാണ് നീക്കിവെച്ചത്.

വയോജനക്ഷേമം, വനിതാക്ഷേമം, സ്ത്രീസൗഹൃദം എന്നിവയ്ക്കായി മൂന്നുകോടിയും അനുവദിച്ച ബജറ്റിൽ പഞ്ചായത്ത് റോഡുകളുടെ പരിപാലനത്തിന് മൂന്നുകോടിയും, വ്യവസായം, സംരംഭകവികസനം, വനിതാക്ഷേമം, ക്ഷീരവികസനം, പച്ചക്കറിക്കൃഷി വികസനം എന്നിവയ്ക്കായി രണ്ടുകോടിയും മാറ്റിവെച്ചു.

ബജറ്റ് ചർച്ചയിൽ കെ.വിനോദൻ, വി.പി ശശിധരൻ, സി.പി സുശാന്ത്, എൻ.നസീമ, എം.കെ അശോകൻ, എം.സുമതി എന്നിവർ സംസാരിച്ചു. അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനത്തും, ജില്ലയിൽ ഒന്നാംസ്ഥാനത്തും ഡിജി കേരളം പദ്ധതിയിൽ ജില്ലയിൽ ഒന്നാംസ്ഥാനത്തുമെത്തിയത്‌ കഴിഞ്ഞബജറ്റ് കാലയളവിലാണ്.

Description: Valayam Grama Panchayat budget focuses on housing and manufacturing sectors