ദേശീയ സോഫ്റ്റ് ബെയ്സ് ബോൾ ചാമ്പ്യൻഷിപ്പ്; സബ്ബ് ജൂനിയർ വിഭാഗത്തിൽ കേരളത്തിന് കിരീടം, അഭിമാനത്തോടെ വടകരയും
വടകര: ദേശീയ സോഫ്റ്റ് ബെയ്സ് ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ കേരളത്തിന് കിരീടം. കേരളം ചാമ്പ്യന്മാരായപ്പോൾ തിളങ്ങി നിന്നത് വടകരയാണ്. വടകരയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പെൺകുട്ടികളും ടീമിലുണ്ടായിരുന്നു.
20 അംഗ ടീമിൽ കളിക്കാനിറങ്ങിയത് വടകരയിലെ 12 മിടുക്കികളാണ്. ചോറോട് സ്വദേശിനി നിയ ബിനോയിയായിരുന്നു ടീമിനെ നയിച്ചത്. ഓർക്കാട്ടേരിക്കാരി ദേവിക നമ്പ്യാർ ആയിരുന്നു വൈസ് ക്യാപ്റ്റൻ. സാധിക (പെരുവട്ടുംതാഴ), അനൂജ (പണിക്കോട്ടി), മിത്ര, ദേവസ്മിയ (വില്ല്യാപ്പള്ളി), അൻവിയ (നാദാപുരംറോഡ്), അനശ്വര, ശ്വേത (കുരിയാടി), ഋതിക (കുരിയാടി), ഗോപിക (മണിയൂർ) നമ്രത കുരിയാടി എന്നിവരാണ് ടീമിലെ വടകരയിൽ നിന്നുള്ള മറ്റ് കളിക്കാർ.
12 മിടുക്കികളും ഡയമണ്ട് ഫീൽഡേഴ്സ് മലബാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുവർഷമായി നാരായണ നഗരത്തെ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നവരാണ്. തെലങ്കാന ബെല്ലംപള്ളിയിൽ 24 മുതൽ 26 വരെയായിരുന്നു മത്സരം. ആദ്യ മത്സരത്തിൽ മധ്യപ്രദേശിനോടായിരുന്നു കേരളം ഏറ്റുമുട്ടിയത്. ഫൈനലിൽ ആതിഥേയരായ തെലങ്കാനയോട് ഏറ്റുമുട്ടിയാണ് ചാമ്പ്യൻഷിപ്പ് നേടിയെടുത്തത്.