‘വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡ് വികസനം യാഥാർത്ഥ്യമാക്കണം’; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ


തിരുവനന്തപുരം: വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡിലൂടെയുള്ള ഗതാഗത്തിന് നേരിടുന്ന പ്രയാസം സംബന്ധിച്ചും, റോഡ് വികസന പദ്ധതി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് നിയമസഭയിൽ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ സബ്മിഷൻ അവതരിപ്പിച്ചു. ഈ റോഡ് പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മറുപടി നൽകി.

“കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു റോഡാണ് വടകര – വില്ല്യാപ്പള്ളി – ചേലക്കാട് റോഡ്. ഈ റോഡിന്റെ വികസനത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 58.30 കോടി രൂപയു‌ടെ സാമ്പത്തികാനുമതി നൽകിയിട്ടുണ്ട്. ഈ പ്രവൃത്തി ഫ്രീസറണ്ടര്‍ വ്യവസ്ഥയില്‍ സ്ഥലം ലഭ്യമാക്കി നടത്താനാണ് നിശ്ചയിച്ചിരുന്നത്. 15.5 കി.മീ വരുന്ന ഈ റോഡിന്റെ ചെയി. 5/700 മുതൽ 14/154 വരെ എഫ്.ഡി.ആര്‍ സാങ്കേതികവിദ്യയിലും ബാക്കി ഭാഗം ബി.എം-ബി.സി നിലവാരത്തിലും വികസിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് തയ്യാറാക്കിയ 79.11 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശം കിഫ്ബിയ്ക്ക് സമർപ്പിക്കുകയും, ഉപാധികളോടുകൂടി അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യത്തില്‍ കിഫ്ബി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി എസ്റ്റിമേറ്റ് പുനസമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാ​ണ്. ഇത് അടിയന്തിരമായി സമര്‍പ്പിക്കാന്‍ കെആർഎഫ്ബി- പിഎംയു ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം ഇതിനകം നല്‍കിയിട്ടുണ്ടെന്ന് നിയമസഭയിൽ സബ്മിഷന് മറുപടി ആയി മന്ത്രി അറിയിച്ചു.

Summary: ‘Vadakara-Villyappalli-Chelakkad road development should be made a reality’; KP Kunjammad Kutty Master MLA presented the submission in the assembly