വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് വികസനം; വടകര ഭാഗം കൂടി ഉൾപ്പെടുത്താന്‍ ധാരണ, കച്ചവടക്കാർക്ക് നോട്ടീസ് നൽകും


വടകര: ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്ന വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് വികസനത്തിൽ വടകര ഭാഗം കൂടി ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കാൻ വടകര നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത വ്യാപാര വ്യവസായി ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. വടകര ഭാഗത്ത് സ്ഥലം വിട്ടു കിട്ടാത്തത് കാരണം ഈ ഭാഗം ഒഴിവാക്കി പ്രവൃത്തി ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെയർപേഴ്‌സണ്‍ കെ.പി ബിന്ദുവിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്.

യോഗ തീരുമാനപ്രകാരം നഗരസഭയുടെ ഭാഗത്ത് നിന്നും കച്ചവടക്കാർക്ക് ഔദ്യോഗികമായി നോട്ടീസ് നൽകും. പൊളിച്ചുമാറ്റപ്പെടുന്ന ഭാഗം വല്ലതുമുണ്ടെങ്കിൽ പുനർനിർമ്മിച്ചു നൽകുമെന്ന അധികൃതരുടെ ഉറപ്പ് സംയുക്തമായി കച്ചവടക്കാരെയും ഉടമകളേയും ബോധ്യപ്പെടുത്തും.

തുടർ നടപടികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പൂർണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിൽ എം. അബ്ദുൾ സലാം, കെ.എൻ വിനോദ്, മുഹമ്മദലി വി.കെ, വി.പി ശശി, വി.അസീസ് എന്നിവർ പ്രസംഗിച്ചു.