‘വിജയം അളക്കേണ്ട മാനദണ്ഡം വിജയി കടന്നുവന്ന വഴികളാവണം’; കെ.കെ രമ എം.എൽ.എയുടെ ‘വൈബ് വിജയാരാവത്തില്‍’ എം.പി ഷാഫി പറമ്പില്‍
വടകര: ഒരിക്കൽ നേടുന്ന വിജയത്തെ അളക്കേണ്ടത് ആ ഒരു പ്രകടനം മാത്രം മുൻ നിർത്തിയാവരുതെന്നും ആ വിജയത്തിലേക്കെത്താൻ അയാൾ താണ്ടിയ വഴികളെയും കൂടി കണക്കിലെടുക്കണമെന്നും ഷാഫി പറമ്പിൽ എം.പി. കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ വൈബിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം വിജയാരവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാജയങ്ങളുടെയും ദുരന്തങ്ങളുടെയും ഇന്നലെകളിൽ നിന്ന് വിജയത്തിലേക്ക് തളരാതെ കുതിക്കുകയെന്നതാവണം നമ്മുടെ ശക്തി. ഇന്ന് മനുഷ്യരിലെ പ്രതിഭകൾക്ക് വളരാനും പ്രശസ്തരാവാനും ഒട്ടേറെ വഴികളും സാധ്യതകളുമുണ്ട്. നന്മയിലേക്ക് ചുവടുവെക്കുന്ന ഭാവി കരുപ്പിടിപ്പിക്കാനും നാടിൻ്റെ നന്മയുടെ പേരാവാനും യുവതയ്ക്കു കഴിയട്ടെ എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
എം.പി ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം മണ്ഡലത്തിലെ ആദ്യ പൊതുപരിപാടിയായിരുന്നു ഷാഫി പറമ്പിലിൻ്റേത്. വടകര ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വൈബ് വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.ടി മോഹൻദാസ് അധ്യക്ഷനായി. ഡോ.ശശികുമാർ പുറമേരി ബോധവത്കരണ ക്ലാസ് നടത്തി.
കെ.കെ രമ എം.എൽ.എ ആമുഖ ഭാഷണം നടത്തി. നൂറുമേനി നേടിയ സ്കൂളുകൾക്കുള്ള ട്രോഫിയും പ്രശസ്തി പത്രവും ഷാഫി പറമ്പിൽ സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.ശ്രീജിത്ത്, ടി.പി മിനിക, ആയിഷ ഉമ്മർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സിന്ധു പ്രേമൻ, ഡി.ഇ.ഒ എം.രേഷ്മ, സയൻസ് സെൻ്റർ എം.ഡി രജീഷ് തേറത്ത്, എം.എൻ പ്രമോദ്, കെ.സജീവൻ എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ കുട്ടികൾക്കും എം.എൽ.എ ഉപഹാരം നൽകി.