വടകര – തൊട്ടിൽപ്പാലം റൂട്ടിൽ ബസ് സർവ്വീസ് കുറയുന്നു; യാത്രാദുരിതത്തിൽ മലയോരജനത


വടകര: തൊട്ടിൽപ്പാലത്തേക്ക് ബസ് സർവ്വീസ് കുറയുന്നു. വിവിധ ഭാഗങ്ങളിൽനിന്ന്‌ തൊട്ടിൽപ്പാലത്തേക്കു വരേണ്ട ബസുകൾ കുറ്റ്യാടിയിലെത്തി ഓട്ടം അവസാനിപ്പിക്കുന്നെന്നാണ് ആക്ഷേപം. വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും കുറ്റ്യാടിയിൽ സർവീസ് അവസാനിപ്പിക്കുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.

സ്വകാര്യ ബസുകൾ വിദ്യാർഥികളെ ഒഴിവാക്കാനാണ് ട്രിപ്പ് കുറച്ചതെന്നും ആക്ഷേപമുണ്ട്. കെ.എസ്.ആർ.ടി.സിയും ട്രിപ്പ് മുടക്കുന്നുണ്ടെന്ന് പരാതി ഉയരുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന മലയോരമേഖലയിലെ വിദ്യാർഥികളടക്കമുള്ളവറാണ് ഇതോടെ ദുരിതത്തിലായത്.

തൊട്ടിൽപ്പാലത്ത് നിന്ന്‌ വിവിധ മലയോരപ്രദേശങ്ങളിലേക്ക് ബസ് സർവീസില്ല. ജീപ്പ് സർവ്വീസിനെ ആശ്രയിക്കണം . കുറ്റ്യാടിയിൽനിന്ന്‌ തൊട്ടിൽപ്പാലത്തേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണുള്ളത്. ഇതിനാലാണ് ട്രിപ്പ് മുടങ്ങുന്നതെന്നാണ് ഒരു വിഭാ​ഗം ബസ് ജീവനക്കാർ പറയുന്നത്.