വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പാക്കേജ് സർക്കാർ ഉടൻ പ്രഖ്യാപിക്കണം; പ്രമേയം അവതരിപ്പിച്ച് വടകര താലൂക്ക് വികസന സമിതി യോഗം


വടകര: വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പാക്കേജ് സർക്കാർ ഉടൻ പ്രഖ്യാപിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം. വിലങ്ങാട് ഉരുൾപൊട്ടൽ നടന്നിട്ട് മൂന്ന് മാസം പൂർത്തിയായി. ഒരു മനുഷ്യജീവൻ നഷ്ടപ്പെടുകയും 33 വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു . നിരവധി വീടുകൾ ഇപ്പോഴും ഉരുൾ പൊട്ടൽ ഭീഷണിയിലാണ്. അതിനാൽ സമഗ്രമായ പുനരധിവാസ പാക്കേജിന് രൂപം നൽകണമെന്നും യോ​ഗം ആവശ്യപ്പെട്ടു.

സ്ഥലം ഏറ്റെടുത്ത് മുഴുവൻ പേർക്കും സർക്കാർ വീട് നിർമിച്ച് നൽകാനുള്ള നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കണം. യുദ്ധകാലാടിസ്ഥാനത്താൽ നടപടി ഉണ്ടാകണം. താലൂക്ക് വികസന സമിതി യോഗം സർക്കാറിനോട് ആവിശ്യപ്പെട്ടു. സമിതിയംഗം പി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്.

മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. പി പത്മിനി, പി ശ്രീജിത്ത്, പ്രദീപ് ചോമ്പാല, പി പി രാജൻ, സി കെ കരീം, ബാബു പറമ്പത്ത് , ടി വി ഗംഗാധരൻ പി എം മുസ്തഫ, തഹസിൽദാർ രഞ്ജിത്ത്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു.