വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് റെയിൽവേ സ്റ്റേഷനിൽ തന്നെ നിലനിർത്തും; സംരക്ഷണസമിതി


വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ് ഓഫീസ് സംരക്ഷിക്കുമെന്ന് വടകര ആർ.എം.എസ്. സംരക്ഷണസമിതി രൂപവത്‌കരണയോഗത്തിൽ തീരുമാനിച്ചു. വിവിധ തൊഴിലാളിസംഘടനാ പ്രതിനിധികൾ, വർഗ ബഹുജനസംഘടനാ പ്രതിനിധികൾ, തപാൽ ആർ.എം.എസ്. ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മുനിസിപ്പൽ കൗൺസിലർ എ.പ്രേമകുമാരി അധ്യക്ഷത വഹിച്ചു. ജെ.നൈസാം, പി.കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ.എം.എസിന്റെ സുഗമമായ പ്രവർത്തനത്തിനും തപാൽ ഉരുപ്പടികളുടെ വേഗത്തിലുള്ള കൈമാറ്റങ്ങൾക്കും ഓഫീസ് റെയിൽവേ സ്റ്റേഷനിൽത്തന്നെ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും അതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും യോഗം തീരുമാനിച്ചു.

ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ ആർ.എം.എസ്. കാലിക്കറ്റ് ഡിവിഷൻ സൂപ്രണ്ടിന് അയച്ച കത്തിലാണ് ‘അമൃത് ഭാരത്’ പദ്ധതിപ്രകാരം നവീകരണം നടക്കുന്നതിനാൽ റെയിൽവേയുടെ സ്ഥലത്തുള്ള ആർ.എം.എസ് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടത്. ആർ.എം.എസ് വിഭാഗം മാറ്റി സ്ഥാപിക്കുന്നതിന് റെയിൽവേ ഡിവിഷണൽ എൻജിനിയർക്ക് പകരം സ്ഥലമാവശ്യപ്പെട്ട് കത്തയച്ചെങ്കിലും റെയിൽവേ ഇത് നിരസിക്കുകയായിരുന്നു.

അമൃത് ഭാരത് പദ്ധതിപ്രകാരം വലിയ വികസനം നടക്കുന്ന വടകര സ്റ്റേഷനിലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്താണ് ആർ.എം.എസ് ഓഫീസുള്ളതെന്നും എത്രയും പെട്ടെന്ന് ഇത് ഒഴിയണമെന്നുമാണ് പുതിയ നിർദേശം. ഓഫീസ് മാറ്റി സ്ഥാപിക്കാൻ യോജിച്ച കെട്ടിടം റെയിൽവേ സ്റ്റേഷനിലില്ല.

ഭാരവാഹികൾ: രഞ്ജിത്ത് കണ്ണോത്ത് (ചെയര്‍മാന്‍), വി.കെ വിനു(കൺവീനര്‍).

Description: The Vadakara Railway Mail Service Office will be maintained at the railway station itself; Protection Committee