വടകര റെയിൽവേ സ്റ്റേഷൻ നവീകരണം അവസാനഘട്ടത്തിലേക്ക്; ഉദ്ഘാടനം ജനുവരി അവസാനം


വടകര : വടകര റെയിൽവേ സ്റ്റേഷൻ നവീകരണം അവസാനഘട്ടത്തിലേക്ക്. ജനുവരി അവസാനത്തോടെ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് റെയിൽവേ അധികൃതർ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷൻ നവീകരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ കെട്ടിടം കേരളീയശൈലിയിൽ നവീകരിക്കുന്ന പ്രവൃത്തി ഉൾപ്പെടെ അന്തിമഘട്ടത്തിലാണ്.

സ്റ്റേഷനിലേക്കുള്ള റോഡ് പുനർനിർമാണവും ആരംഭിച്ചു കഴിഞ്ഞു. 15 മീറ്റർ വീതിയിലാണ് നവീകരിക്കുക. 21.66 കോടി രൂപയുടെ പ്രവൃത്തികളാണ് സ്റ്റേഷനിൽ ആദ്യഘട്ടത്തിൽ പുരോ​ഗമിക്കുന്നത്. 2023 ഓഗസ്റ്റ് ആറിന് പ്രവൃത്തി ഉദ്ഘാടനംനടത്തി. ഇതുവരെ 80 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി. പാസഞ്ചർ റിസർവേഷൻ കേന്ദ്രം നവീകരണം, എൽ.ഇ.ഡി. ഡിസ്‌പ്ലേ ബോർഡുകൾ, സംയോജിത പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, പ്ലാറ്റ്‌ഫോം നവീകരണം, ഇരിപ്പിടം സ്ഥാപിക്കൽ എന്നിവയെല്ലാം പൂർത്തിയായി. അടച്ചിട്ട ടിക്കറ്റ് കൗണ്ടറും പ്രധാന കവാടവും നവീകരിച്ചശേഷം തുറന്ന് പ്രവർത്തനം ആരംഭിച്ചു.

പ്ലാറ്റ്‌ഫോമിൽ യാത്രക്കാർക്കായി 250-ഓളം പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. 10,0000 ചതുരശ്രമീറ്ററിൽ പുതിയ പാർക്കിങ് സ്ഥലം സ്റ്റേഷന്റെ തെക്കുഭാഗത്തായി ഒരുക്കി. വടക്കുഭാഗത്തെ പാർക്കിങ് ഏരിയാ വിപുലീകരണം. വടക്കെഅറ്റത്ത് പുതിയ കെട്ടിടം എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്. രണ്ടാംഘട്ടത്തിൽ ഏതാണ്ട് പതിനായിരം ചതുരശ്രമീറ്റർ പാർക്കിങ് സ്ഥലംകൂടി വടക്കുഭാഗത്ത് ഒരുങ്ങും. ആദ്യഘട്ടപ്രവൃത്തി പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാംഘട്ടം തുടങ്ങും.