വടകര റെയിൽവേ സ്റ്റേഷൻ നവീകരണം അന്തിമഘട്ടത്തിൽ; ഉദ്ഘാടനം മാർച്ചിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നിർവഹിക്കും
വടകര: വടകര റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തികൾ അന്തിമഘട്ടത്തിൽ. അമൃത് ഭാരത് പദ്ധയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവിലാണ് സ്റ്റേഷൻ നവീകരിക്കുന്നത്.
ഉദ്ഘാടനം മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
നവീകരണം പുരോഗമിക്കുന്ന മാഹി സ്റ്റേഷന്റെയൊപ്പം വടകരയുടെയും ഉദ്ഘാടനം ഓൺലൈനായി നടത്താനാണ് തീരുമാനം. നിലവിൽ സ്റ്റേഷന്റെ പ്ലാറ്റ്ഫോമും ടിക്കറ്റ് കൗണ്ടറും ഇരിപ്പിടങ്ങളും പാർക്കിങ് സ്ഥലവും ഉൾപ്പെടെ ആദ്യ ഘട്ട നിർമാണ പ്രവർത്തി മുഴുവൻ പൂർത്തിയായി. 21.66 കോടി രൂപ ചെലവിൽ തുടങ്ങിയ സ്റ്റേഷൻ വിപുലീകരണത്തിൽ കൂടുതൽ നിർമാണ പ്രവൃത്തി വന്നതോടെയാണ് എസ്റ്റിമേറ്റ് ഉയർന്നത്.
സ്റ്റേഷൻ കെട്ടിടത്തിന്റെ പുറമേയുള്ള മിനുക്ക് പണികളും രണ്ടു ഭാഗത്തെയും റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തിയുമാണ് ബാക്കിയുള്ളത്. അവ ഉദ്ഘാടനത്തിനു മുൻപായി തീർക്കും. രണ്ടാം ഘട്ടമായി 20,000 ചതുരശ്ര അടിയുള്ള പാർക്കിങ് സ്‌ഥലം കൂടി വടക്കു ഭാഗത്ത് നിർമിക്കും.