വിപുലമായ പാർക്കിങ് സൗകര്യം, എൽഇഡി ഡിസ്പ്ലേ ബോർഡുകൾ, കേരളീയ ശൈലിയിലുള്ള കെട്ടിടം; മുഖം മിനുക്കി വടകര റെയില്‍വേ സ്‌റ്റേഷന്‍, നിര്‍മ്മാണപ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക്‌


വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ പുരോഗമിക്കുന്ന അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള 21.66 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന്‌ പ്രതീക്ഷ. ഏതാണ്ട് ഡിസംബര്‍ മാസത്തോടെ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാവുമെന്നാണ് വിവരം.

കേരളീയ ശൈലിയിലുള്ള കെട്ടിടമായിരിക്കും വടകര റെയില്‍വേ സ്‌റ്റേഷന് ഇനി. ഇതിനായി സ്‌റ്റേഷന്‍ വളപ്പിലെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. പുതിയ ശുചിമുറികള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങി അടിമുടി മാറ്റങ്ങളാണ് റെയില്‍വേ സ്‌റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ 50% പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുഴുവന്‍ പ്രവൃത്തിയും കഴിയുന്നതോടെ വടകര റെയില്‍വേ സ്‌റ്റേഷന്‍ വികസന പാതയിലാവും.

കെട്ടിടത്തിന്റെ സൗന്ദര്യവത്ക്കരണം, പ്ലാറ്റ്‌ഫോമുകള്‍ക്ക് മുഴുവന്‍ മേല്‍ക്കൂര, എല്‍ഇഡി ഡിസ്‌പ്ലേ ബോര്‍ഡുകള്‍, സംയോജിത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിപുലമായ പാര്‍ക്കിങ്ങ് സൗകര്യം, സ്റ്റേഷനിലേക്കുള്ള റോഡ് നവീകരണം തുടങ്ങിയ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്‌.

പാര്‍ക്കിങ്ങിനായി സ്റ്റേഷന്റെ തെക്ക് ഭാഗത്തെ കാടുപിടിച്ചു കിടക്കുന്ന ചതുപ്പ് സ്ഥലം വൃത്തിയാക്കിയിട്ടുണ്ട്. മാത്രമല്ല നിലത്ത് കൊരുപ്പുകട്ടകള്‍ പാകുകയും കുറച്ച് ഭാഗത്ത് മേല്‍ക്കൂരയും സജ്ജമാക്കിയിട്ടുണ്ട്. ഏതാണ്ട് പത്ത് ദിവസത്തിനുള്ളില്‍ പാര്‍ക്കിങ് ഇവിടേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം.

തുടര്‍ന്ന് ഇപ്പോഴുള്ള പാര്‍ക്കിങ് ഏരിയ വടക്കുഭാഗത്തെ റെയില്‍വേഗേറ്റ് പരിസരം വരെ വിപൂലികരിക്കും. ഇതോടെ 10000ചതുരശ്ര മീറ്ററിലധകം പാര്‍ക്കിങ് ഏരിയ കൂടും. 250 ഓളം പുതിയ ഇരിപ്പിടങ്ങള്‍ സ്റ്റേഷനില്‍ സ്ഥാപിച്ചു കഴിഞ്ഞു. നിലവില്‍ പ്ലാറ്റ്‌ഫോമിന്റെ നിലത്ത് ഗ്രാനൈറ്റ്, കോട്ട സ്‌റ്റോണ്‍ എന്നിവ പതിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

മാത്രമല്ല പുതിയ പാര്‍ക്കിങ് ഏരിയയ്ക്ക് അടുത്തായി ഓഫീസ് ആവശ്യങ്ങള്‍ക്കായി പുതിയൊരു കെട്ടിടം കൂടി വരും. സ്റ്റേഷനില്‍ നിലവിലുള്ള ചില ഓഫീസുകളുടെ പ്രവര്‍ത്തനം പുതിയ ഓഫീസിലേക്ക് മാറ്റി, സ്‌റ്റേഷന്‍ കെട്ടിടം പൂര്‍ണമായും യാത്രക്കാരുടെ സൗകര്യത്തിനായി ഉപയോഗിക്കാനാണ് പദ്ധതി.

ബസ് സ്റ്റാന്റ് പോലുള്ള പൊതു സ്ഥലങ്ങളെ റെയില്‍വേ സ്‌റ്റേഷനുമായി ബന്ധപ്പെടുത്തുന്നതിന് സംവിധാനമൊരുക്കുമെന്നാണ് വിവരം. ഒപ്പം വാഹനങ്ങള്‍ക്ക് സ്റ്റേഷനിലേക്ക് വന്നുപോകാനുള്ള സൗകര്യത്തിനായി റോഡുകളുടെ വീതി കൂട്ടുകയും ചെയ്യും. ഇതിനായി റെയില്‍വേ സ്‌റ്റേഷന്‍ എത്തുന്നതിന് മുമ്പുള്ള ജംങ്ഷന്‍ മുതല്‍ സ്റ്റേഷന്‍ വരെയുള്ള റോഡ് 15മീറ്റര്‍ വീതിയില്‍ നവീകരിക്കുകയും ചെയ്യും.