വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് നിലനിർത്തണം; മുഖ്യമന്ത്രിക്ക് കത്തു നൽകി കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ


വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് (ആർഎംഎസ്) റെയിൽവേസ്റ്റേഷൻ പരിസരത്തു തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റ്യാടി എം എൽ എ കെ.പി.കുഞ്ഞമ്മദ്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.കൊയിലാണ്ടി മുതൽ മാഹി വരെയും മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്നത് വടകരയിലെ റെയിൽവേ മെയിൽ സർവീസ് ഓഫീസ് വഴിയാണ്.

24 മണിക്കൂറും എല്ലാ തപാൽ ഉരുപ്പടികളും ബുക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. കോടതികൾ, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള കത്തുകൾ അയക്കാൻ ആർഎംഎസ് ഓഫീസ് സഹായകരമാണ്. അതിനാൽ കെട്ടിടം റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ നിലനിർത്തണമെന്നതാണ് ഏവരുടേയും ആവശ്യം. പാലക്കാട് റെയിൽവേ ഡിവിഷണൽ എൻജിനിയറുടെ കത്തു പ്രകാരം ഓഫീസ് കെട്ടിടം പെട്ടെന്നു ഒഴിയണമെന്നാണ് നിർദേശം.

Description: Vadakara Railway should maintain mail service office; KP Kunjammadkutty MLA gave a letter to the Chief Minister