നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ വടകര റെയിൽവേകുളം; വീണ്ടും കാടുമൂടി കുളം, നവീകരണം പൂർത്തിയായിട്ട് മൂന്ന് വർഷം മാത്രം


വടകര: നവീകരിച്ചിട്ടും ശാപമോക്ഷം കിട്ടാതെ ഉഴലുകയാണ് വടകര റെയിൽവേകുളം. കുളത്തിന് ചുറ്റും വീണ്ടും കാടുമൂടി. ഒരാൾക്ക് നോക്കിയാൽ കാണാത്തത്രയും ഉയരത്തിൽ കുളത്തിന് ചുറ്റും കാടുപിടിച്ചു. കാടു മൂടിയതു കാരണം ആരും കുളത്തിനടുത്തേക്ക് പോകാത്ത അവസ്ഥയായി.

ചെളിയും കാടും മൂടിക്കിടന്ന കുളം 3 വർഷം മുൻപാണ് നവീകരിച്ചത്. കുളത്തിലെ ചെളി മുഴുവൻ നീക്കി വെള്ളം ശുദ്ധീകരിച്ച ശേഷം ചുറ്റുമുളഅള കാടു വെട്ടി തെളിച്ചു. ആളുകൾക്ക് വന്നിരിക്കാൻ ഇരിപ്പിടം ഉൾപ്പടെ നിർമിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും കാടു മൂടിയപ്പോൾ ഇരിപ്പിടങ്ങളൊക്കെ ആളുകൾ കൈയ്യൊഴിഞ്ഞ സ്ഥിതിയായി.

ഒരിക്കലും വറ്റാത്ത ഈ കുളത്തിലെ വെള്ളം കൊണ്ടാണ് അമൃത് ഭാരതി പദ്ധതി പ്രകാരം സ്റ്റേഷൻ നവീകരണം നടക്കുന്നത്. ആവി യന്ത്രമുണ്ടായിരുന്ന കാലത്ത് വെള്ളം നൽകാൻ നിർമിച്ച കിണറായിരുന്നു ഇത്. പിന്നീട് കുളമായി വികസിക്കുകയായിരുന്നു.