വടകര റെയിൽവേ കുളം അണിഞ്ഞൊരുങ്ങുന്നു; സൗന്ദര്യവത്ക്കരണ പ്രവൃത്തി ആരംഭിച്ചു
വടകര: വടകര റെയിൽവേ കുളം അണിഞ്ഞൊരുങ്ങുന്നു. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തിയാണ് കുളവും പരിസരവും സൗന്ദര്യവത്ക്കരിക്കുന്നത്. കുളത്തിന്റെ കരയിലെ മരത്തടികളും മറ്റും നീക്കി സ്ഥലം നിരപ്പാക്കാൻ തുടങ്ങി.
2021 മാർച്ചിൽ യു.എൽ.സി.സി.എസിലെ ഇരുപതോളം തൊഴിലാളികൾ 20 ദിവസത്തോളം പണിയെടുത്ത് കുളത്തിലെ ചെളി പൂർണമായും നീക്കിയിരുന്നു. ഒൻപത് മീറ്റർ ഉയരത്തിലെ ചെളിനീക്കി. ശേഷം കുളം സൗന്ദര്യവത്കരണത്തിനായി സൊസൈറ്റി തയ്യാറാവുകയും 50 ലക്ഷം രൂപ ഇതിന് മാറ്റിവെക്കുകയും ചെയ്തു. പദ്ധതി റെയിൽവേക്ക് സമർപ്പിച്ചെങ്കിലും റെയിൽവേ അനുമതി നൽകിയിരുന്നില്ല. അമൃത് ഭാരത്’ പദ്ധതിയിൽ ഉൾപ്പെടുത്തി വടകര റെയിൽവേ സ്റ്റേഷൻ നവീകരിക്കുമ്പോൾ റെയിൽവേ കുളവും സൗന്ദര്യവത്ക്കരിക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ഇതേ തുടർന്നാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

തീവണ്ടികളിൽ ആവി എൻജിൻ ഉപയോഗിച്ചിരുന്ന സമയത്ത് എൻജിൻ തണുപ്പിക്കാനുള്ള വെള്ളത്തിനുവേണ്ടിയാണ്കുളം നിർമിച്ചത്. ഡീസൽ എൻജിൻ വന്നശേഷം കുളം ഉപയോഗിക്കാതാവുകയായിരുന്നു. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി കുളത്തിന്റെ കരയിൽ പുൽത്തകിടിയും ചെടികളും മറ്റും വെച്ചുപിടിപ്പിച്ച് മനോഹരമാക്കും. കുളത്തിലെ വെള്ളം വേനൽക്കാലത്തുൾപ്പെടെ റെയിൽവേ സ്റ്റേഷനിൽ ഉപയോഗപ്പെടുത്താനും സാധിക്കും. അമൃത് ഭാരത് പദ്ധതികളുടെ ഉദ്ഘാടനത്തിനുമുൻപേ സൗന്ദര്യവത്കരണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.