വടകര റെയില്‍വേ പോലീസിന്റെ ജാഗ്രത; സമയോചിതമായ ഇടപെടലില്‍ അടുത്തിടെ തിരികെ ഏല്‍പ്പിച്ചത് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ രണ്ട് ബാഗുകള്‍, കൈയ്യടിച്ച് ജനം


വടകര: വടകര റെയില്‍വേ പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ വീണ്ടും നഷ്ടമായ ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു. പ്ലാറ്റ്‌ഫോമില്‍ മറന്നുവെച്ച സ്വര്‍ണാഭരണങ്ങളും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗാണ് കഴിഞ്ഞ ദിവസം വടകര റെയില്‍വേ പോലീസിന്റെ ജാഗ്രതയില്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത്‌. വില്യാപ്പള്ളി കുറ്റിപ്പുനത്തില്‍ കെ.പി നൗഷാദിനാണ് നഷ്ടപ്പെട്ടു പോയ ബാഗ് തിരികെ ലഭിച്ചത്.

ജൂണ്‍ അഞ്ചിനാണ് വടകര റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നൗഷാദും കുടുംബവും കായംകുളത്തേക്ക് പോകാനായി ജനശതാബ്ദി എക്‌സ്പ്രസില്‍ കയറിയത്. ട്രെയിനില്‍ കയറുന്ന തിരക്കില്‍ സ്വര്‍ണവും മറ്റും അടങ്ങിയ ബാഗ് പ്ലാറ്റ്‌ഫോമില്‍ നിന്ന് എടുക്കാന്‍ മറന്നു. രണ്ട് മൊബൈല്‍ ഫോണ്‍, രണ്ട് സ്മാര്‍ട്ട് വാച്ച്, കാറിന്റെ താക്കോല്‍, സ്വര്‍ണം എന്നിവയായിരുന്നു ബാഗിലുണ്ടായിരുന്നത്.

തിരൂരിലെത്തിയപ്പോഴാണ് ബാഗ് എടുക്കാന്‍ മറന്ന കാര്യം നൗഷാദും കുടുംബവും അറിയുന്നത്. ഉടന്‍ തന്നെ ഇവര്‍ 139 എന്ന നമ്പറില്‍ വിളിച്ച് റെയില്‍വേ കസ്റ്റമര്‍ കെയറില്‍ പരാതി പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും ബാഗ് സുരക്ഷിതമായി ആര്‍പിഎഫ് ഓഫീസില്‍ എത്തിയിരുന്നു.

ജനശതാബ്ദി എക്‌സ്പ്രസ് പോയതിന് ശേഷം പ്ലാറ്റ്‌ഫോം പരിശോധനയ്ക്കിറങ്ങിയ കോണ്‍സ്റ്റബിള്‍ ഷാജിയാണ് ബാഗ് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹം ബാഗ് ആര്‍പിഎഫ് ഓഫീസില്‍ എത്തിക്കുകയായിരുന്നു.

പരാതി കിട്ടിയതോടെ നൗഷാദിന് ആര്‍പിഎഫ് ഓഫിസില്‍ നിന്നും ബാഗ് ലഭിച്ചതായി വിവരം ലഭിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച വടകര റെയില്‍വേ സ്‌റ്റേഷനിലെത്തി ഹെഡ് കോണ്‍സ്റ്റബിള്‍ വി.മുരളിയില്‍ നിന്ന് ബാഗ് ഏറ്റുവാങ്ങുകയായിരുന്നു. എ.എസ്.ഐ ടിപി ബിനീഷും സ്ഥലത്തുണ്ടായിരുന്നു.

അടുത്തിടെ സ്‌റ്റേഷനില്‍ മറന്നുവെച്ച 22 പവന്‍ സ്വര്‍ണവും പണവും അടങ്ങിയ ബാഗ് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലില്‍ ഉടമയ്ക്ക് തിരികെ ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്നും വടകരയിലേക്ക് കുട്ടികളുമായി എത്തിയ വളപട്ടണം കളരിവാതുക്കല്‍ സ്വദേശി മൃദുലയുടെ ബാഗാണ് വടകര ആര്‍പിഎഫ് സുരക്ഷിതമായി തിരികെ നല്‍കിയത്.

മംഗലാപുരം – ചെന്നൈ മെയിലിലായിരുന്നു മൃദുല സഞ്ചരിച്ചത്. ഇതിനിടെ ഭര്‍ത്താവിന് സുഖമില്ലെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ധൃതിപ്പെട്ട് ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോഴായിരുന്നു ബാഗ് എടുക്കാന്‍ വിട്ടുപോയത്.

സ്‌റ്റേഷനില്‍ ഇറങ്ങി ട്രെയിന്‍ വിട്ടപ്പോഴാണ് മൃദുലയ്ക്ക് ബാഗിന്റെ കാര്യം ഓര്‍മ വന്നത്. ഉടന്‍ തന്നെ സ്‌റ്റേഷനിലുണ്ടായിരുന്നു ആര്‍പിഎഫ് എ.എസ്.ഐ പി.പി ബിനീഷിനോട് കാര്യം പറഞ്ഞു. കയറിയ കോച്ച് പോലും വെപ്രാളത്തില്‍ മൃദുല മറന്ന് പോയിരുന്നു.

തുടര്‍ന്ന് ബിനീഷ് ഉടന്‍ തന്നെ എസ്.ഐ കെ.എം സുനില്‍ കുമാറിന്റെയും കോണ്‍സ്റ്റബിള്‍ പി.രാജീവിന്റെയും സഹായത്തോടെ കോച്ച് പൊസിഷന്‍ കണ്ടെത്തി. എന്നാല്‍ ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ടിടിഇ രാജേഷിനെ ബന്ധപ്പെട്ടു. അദ്ദേഹം ഉടന്‍ തന്നെ കോച്ച് പരിശോധിച്ച് ബാഗ് കണ്ടെത്തുകയായിരുന്നു.

വടകരയില്‍ നിന്നുമെടുത്ത ട്രെയിന്‍ കൊയിലാണ്ടി എത്തുമ്പോഴേക്കും ബാഗ് കണ്ടെത്തിയിരുന്നു. മാത്രമല്ല ബാഗ് നഷ്ടപ്പെട്ടതിനാല്‍ വണ്ടിക്ക് പോവാന്‍ പോലും പണം കൈയില്ലാതെ വിഷമിച്ച മൃദുലയ്ക്കും മക്കള്‍ക്കും ബീനിഷാണ് ടിക്കറ്റെടുത്ത്‌ നല്‍കിയത്.