ഒരൊറ്റ രാത്രി……ഹോട്ടല്‍, ചെരുപ്പുകട, ലോട്ടറി സ്റ്റാള്‍ തുടങ്ങി 14 കടകള്‍; വടകര ടൗണിലെ മോഷണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വടകര പോലീസ്
വടകര: നഗരത്തിലെ കടകളില്‍ കഴിഞ്ഞ ദിവസമുണ്ടായ മോഷണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വടകര പോലീസ്. ന്യൂ ഇന്ത്യ ഹോട്ടലിന് സമീപത്ത് നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള വനിതാ റോഡിലെ 14 കടകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വിനായക സ്‌റ്റോര്‍, റംസീന സ്‌റ്റോര്‍, എന്‍എഫ് ഫൂട്ട്‌വെയര്‍, ബികെ ലോട്ടറി സ്റ്റാള്‍, പിവിടി സ്റ്റോര്‍, പിഎസ് സ്റ്റോര്‍, ഹോട്ടല്‍, ലക്കി സ്റ്റോര്‍, നിംസ് ഫോട്ടോസ്റ്റാറ്റ്, കല്ലിങ്കല്‍ സ്‌റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷ്ടാക്കള്‍ കയറിയത്. രാവിലെ ഉടമകള്‍ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.
എന്‍എഫ് ഫൂട്ട്‌വെയറില്‍ നിന്ന് 6000 രൂപയും പിവിടി സ്റ്റോറില്‍ നിന്ന് ഒരു വാച്ചുമാണ് മോഷണം പോയിരിക്കുന്നത്. മറ്റ് കടകളില്‍ നിന്ന് ചെറിയ തുകകളാണ് നഷ്ടമായത്. അതേ സമയം ഷട്ടറുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയും ജാക്കി ലിവറും മോഷ്ടാവ് എത്തിയതെന്ന് കരുതുന്ന കെഎല്‍ 47ജി 7636 നമ്പര്‍ ഹോണ്ട ബൈക്കും ഈ പരിസരത്ത് നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല മാര്‍ക്കറ്റ് റോഡിലെ റോയല്‍ ലോട്ടറി കടയുടെ വരാന്തയില്‍ കണ്ട രക്തക്കറ മോഷ്ടാവിന്റേതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വടകര പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെ്‌നനാണ് പ്രാഥമിക വിവരം. പോലീസും ഡോഗ് സ്‌ക്വാഡും വിരലയടയാള വിദഗ്ദരും മോഷണം നടന്ന സ്ഥലങ്ങള്‍ പരിശോധിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന രക്തക്കറ മാര്‍ക്കറ്റ് റോഡിലെ റോയല്‍ ലോട്ടറി സ്റ്റാള്‍ വരാന്തയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് നായ ഈ ലോട്ടറി സ്റ്റാള്‍ വരെ മണം പിടിച്ച് എത്തിയിരുന്നു. രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ട പുതിയാപ്പിലെ രാജന്റെ കടയിലും മോഷ്ടാവ് കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വടകര പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ആര്യഭവന്‍ ഹോട്ടലില്‍ മോഷണം നടന്നിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Description: Vadakara police intensified investigation into theft on Vadakara market road