ബസ്സില്‍വെച്ച് യാത്രക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്; പ്രതിയായ പേരാമ്പ്ര പൈതോത്ത് സ്വദേശിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
വടകര: സ്വകാര്യബസിനുള്ളില്‍ യാത്രക്കാരനെ തെങ്ങുകയറ്റത്തൊഴിലാളി കൊടുവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കേസെടുത്ത് വടകര പൊലീസ്. പേരാമ്പ്ര പൈതോത്ത് സ്വദേശി ശ്രീനിവാസനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകുന്നേരം വടകര-പേരാമ്പ്ര റൂട്ടിലോടുന്ന ബസില്‍ നടന്ന അക്രമത്തില്‍ വടകര മുടപ്പിലാവിലിലെ വടക്കെ കിണറുള്ളകണ്ടി രവീന്ദ്രനാണ് ഗുരുതരമായി വെട്ടേറ്റത്. ഇദ്ദേഹം വില്യാപ്പള്ളി പഞ്ചായത്ത് ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വടകരയിൽ നിന്നും പേരാമ്പ്ര ബസിൽ യാത്ര ചെയ്ത രവീന്ദ്രന്‍ കീഴൽ മുക്കിൽ ബസിറങ്ങി ബസിനു സൈഡിലൂടെ നടന്നു പോകവെ ശ്രീനിവാസൻ തന്റെ കൈവശമുണ്ടായിരുന്നു കൊടുവാൾ ഉപയോഗിച്ച് ബസിൽ നിന്നും തലയും കൈയും പുറത്തേക്കിട്ട് വെട്ടുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതി ബസിലെ മറ്റ് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയത് രവീന്ദ്രൻ ചോദ്യം ചെയ്തിനുള്ള പ്രതികാരമായാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ സ്ഥലത്തെത്തി ശ്രീനിവാസനെ കസ്റ്റഡിയിലെടുത്തു.
അപകടകരമായ ആയുധമോ മാർഗമോ ഉപയോഗിച്ച് ഒരു വ്യക്തിയെ സ്വമേധയാ മുറിവേൽപ്പിച്ചതും വധശ്രമവുമുള്‍പ്പെടെയുള്ള ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പ്രതിയെ ഇന്ന് തന്നെ വടകര കോടതിയില്‍ ഹാജരാക്കുമെന്നും വടകര പൊലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.