നൈറ്റ് പെട്രോളിങ്ങിനിടെ സംശയം തോന്നി ചോദ്യം ചെയ്തു, പ്രതികള്‍ കള്ളം പറഞ്ഞെങ്കിലും പൊലീസ് ജാഗ്രത കൈവിട്ടില്ല; കുറഞ്ഞനേരംകൊണ്ട് വാഹനമോഷണക്കേസിന്റെ ചുരുളഴിച്ച് വടകര പൊലീസ്‌


വടകര: കുറിഞ്ഞാലിയോട് സ്വദേശിയുടെ സ്‌ക്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ വടകര സ്വദേശികളായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. കടമേരി എടച്ചേരി വീട്ടില്‍ റിജാസ് (36), കക്കട്ടില്‍ ചാലുപറമ്പത്ത് റഫീഖ് എന്നിവരെയാണ് വടകര പോലീസ് പിടികൂടിയത്‌. കഴിഞ്ഞ ദിവസം രാത്രി നൈറ്റ് പെട്രോളിങ്ങിനിടെയാണ് സംഭവം. കഴിഞ്ഞമാസം 21നാണ് കുറിഞ്ഞാലിയോട് സ്വദേശിയായ അനൂപ് വടകര പുതിയ ബസ് സ്റ്റാന്റില്‍ വാഹനം പാര്‍ക്ക് ചെയ്തത്. പിന്നീട് 27ന് വണ്ടി തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് വാഹനം കളവ് പോയതായി മനസിലായത്. തുടര്‍ന്ന് അനൂപ് വടകര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ പുതിയ സ്റ്റാന്റില്‍ വച്ച് സംശയാസ്പദമായ രീതിയില്‍ നിര്‍ത്തിയിട്ട ഇതേ സ്‌ക്കൂട്ടറിനരികില്‍ പ്രതികളെ പോലീസ് കണ്ടത്. എന്നാല്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വണ്ടി തങ്ങളുടേതല്ലെന്ന് പറഞ്ഞ് പ്രതികള്‍ സ്ഥലം വിടാനൊരുങ്ങി. ഇതോടെ രണ്ട് പേരുടെയും പേരും മറ്റും വിവരങ്ങളും പോലീസ് എഴുതിയെടുത്ത ശേഷം ഇവരെ വിട്ടയയ്ച്ചു. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ്‌
സ്‌ക്കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റിന് മുകളില്‍ വ്യാജ നമ്പര്‍ പതിച്ചതാണെന്ന് കണ്ടെത്തിയത്‌. പ്രതിയായ റഫീഖിന്റേതായിരുന്നു സ്‌ക്കൂട്ടറില്‍ ഒട്ടിച്ച വ്യാജ നമ്പര്‍. സ്‌ക്കൂട്ടര്‍ മോഷ്ടിച്ച ശേഷം റഫീഖ് തന്റെ വണ്ടി നമ്പര്‍ ഒട്ടിച്ച് വെക്കുകയായിരുന്നു. ഇതോടെ കസ്റ്റഡിയിലെടുത്ത സ്‌ക്കൂട്ടര്‍ കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തുകയും പ്രതികളെ പുലര്‍ച്ചോടെ തന്നെ വീടുകളിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒന്നാം പ്രതിയായ റിജാസിന്റെ പേരില്‍ നാദാപുരം, തൊട്ടില്‍പ്പാലം, വടകര പോലീസ് സ്‌റ്റേഷനുകളില്‍ കളവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി വടകര പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സി.ഐ സുനില്‍കുമാര്‍, എസ്.ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ മനോജ് എസ്.ഐ, എ.എസ്.ഐ ഗണേഷന്‍, എ.എസ്.ഐ സിജുകുമാര്‍, സീനിയര്‍ സി.പി.ഔ റിനീഷ് കൃഷ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Description: Vadakara police arrested the accused in the case of stealing a native's vehicle from Kurinjali