കരുത്തുറ്റ സ്ത്രീ നേതാവ്, പ്രായത്തെയും മറന്ന് പാര്‍ട്ടിക്കായി ജീവിച്ച വ്യക്തിത്വം; വടകരക്കാരുടെ നാരായണിയേടത്തി ഇനി ഓര്‍മ


വടകര: എം.കെ നാരായണിയെന്ന നാരായണിയേടത്തി വിട പറയുമ്പോള്‍ വടകരയ്ക്ക് നഷ്ടമാവുന്നത് പ്രായത്തെയും മറന്ന് സംഘടനയ്ക്കായി പൊരുതിയ കരുത്തുറ്റ നേതാവിനെയാണ്. പ്രായം എണ്‍പത്തഞ്ച് കഴിഞ്ഞെങ്കിലും പാര്‍ട്ടി പരിപാടികളില്‍ അടുത്തിടെ വരെ സജീവമായിരുന്നു നാരായണി.

ജനാധിപത്യ മഹിളാ അസോസിയേഷന് വടകര മേഖലയില്‍ അടിത്തറ പാകുന്നതിനൊപ്പം തന്നെ സാംസ്‌കാരിക രംഗത്തും ഒരുപോലെ സജീവമായിരുന്നു അവര്‍. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും നാടക-നാടന്‍പാട്ട് കലാകാരനുമായ എം.കെ കേളപ്പനുമായുള്ള വിവാഹശേഷമാണ് നാരായണി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

സ്ത്രീകള്‍ നാടകങ്ങളില്‍ അഭിനയിക്കുന്നത് അപൂര്‍വ്വമായിരുന്ന കാലത്താണ് വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പണിക്കോട്ടിയിലെ ഐക്യകേരള കലാസമിതിയുടെ നാടകത്തില്‍ നാരായണി വേഷമിടുന്നത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ നാടകങ്ങളിലും തച്ചോളിപ്പാട്ടുകളിലുമെല്ലാം നാരായണി പ്രധാന സാന്നിധ്യമായി മാറി. അടുക്കളയില്‍ തളക്കപ്പെട്ട ഒരുപാട് സ്ത്രീകള്‍ക്ക്‌ പൊതുസമൂഹത്തിലേക്ക് കടന്നുവരാന്‍ നാരായണിയുടെ ജീവിതം പ്രചോദനമായിരുന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഏറെ കാലം കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായിരുന്ന നാരായണി മഹിളാപ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു. രാവിലെ പത്ത് മണിയോടെ നടന്ന സംസ്‌കാര ചടങ്ങുകളില്‍ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മക്കൾ: ലക്ഷ്മി, രാധാമണി (കെഎസ്ഇബി വടകര), പത്മലോചനൻ (ദേശാഭിമാനി, കണ്ണൂർ), അജിത കുമാരി (പാലേരി), അനൂപ് (സിപിഎം പൈക്കാട്ട് മല ബ്രാഞ്ച് അഗം).

കെ.ശ്രീധരൻ (മുൻ വടകര നഗരസഭാ ചെയർമാൻ), എം.ഇ.പവിത്രൻ (സിപിഎം വടകര ടൗൺ ലോക്കൽ സെക്രട്ടറി), മോഹനൻ (പാലേരി), ബീന (കാക്കുനി), രജില (കുന്നുമ്മക്കര). സഹോദരങ്ങൾ: മാത, രോഹിണി, പരേതരായ മാണി, കണാരൻ.