വടകര പുതിയ ബസ് സ്റ്റാൻഡ് പുതുമോടിയിലേക്ക്; സ്റ്റാൻഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതി, രൂപരേഖ തയ്യാറാക്കാൻ എൻഐടി സംഘം സ്ഥലപരിശോധന നടത്തി


വടകര: വടകര പുതിയ ബസ് സ്റ്റാൻഡ് പുതിയ രൂപത്തിലേക്ക് മാറാനൊരുങ്ങുന്നു. ബസ് സ്റ്റാൻഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ പദ്ധതിയായി.റീബിൽഡ് കേരള പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചത്. രൂപരേഖ തയ്യാറാക്കാൻ കോഴിക്കോട് എൻഐടിക്ക് നഗരസഭ കത്തുനൽകി. എൻഐടി സംഘം സ്ഥലപരിശോധന നടത്തി നിർദേശങ്ങൾ നഗരസഭക്ക് സമർപ്പിച്ചിരുന്നു.

ദേശീയപാത നിർമാണം പൂർത്തിയായാൽ സർവീസ് റോഡ് ലെവലിൽനിന്ന്‌ ഏകദേശം മുക്കാൽ മീറ്റർ താഴ്‌ചയിലാകും പുതിയ ബസ് സ്റ്റാൻഡ്. ബസ് സ്റ്റാൻഡ് ദേശീയപാതയുടെ അതേ നിരപ്പിലേക്ക് ഉയർത്തുകയോ അതേ നിരപ്പിൽ നിലനിർത്തി മറ്റു സാധ്യത പരിശോധിക്കുകയോ വേണ്ടിവരും. ബസ് സ്റ്റാൻഡ് ഉയർത്തുകയാണെങ്കിൽ നിലവിലുള്ള യാർഡും മുക്കാൽ മീറ്റർ ഉയർത്തേണ്ടിവരും. അതോടെ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഉയരം കുറയും. പരിഹരിക്കാൻ നിലവിലുള്ള കെട്ടിടത്തിന്റെ ഉയരവും കൂട്ടേണ്ടിവരും.

നിലവിലുള്ള യാർഡ് അതേ ലെവലിൽ പുതുക്കി നിർമിക്കാനാണ് ആലോചന. ഇളക്കിമാറ്റുന്ന കോൺക്രീറ്റ് റോളർ ഉപയോഗിച്ച് അവിടെ തന്നെ ഉറപ്പിച്ച് കോൺക്രീറ്റ് ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്. ബസ് സ്റ്റാൻഡിന്‌ മുൻവശത്തും പിൻവശത്തും മഴവെള്ളം ഒഴുക്കിക്കളയാൻ പുതിയ ഓവുചാൽ നിർമിക്കും.