കംബോഡിയയിൽ കുടുങ്ങിയ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു; ഇന്ന് കൊച്ചിയിലെത്തും, പേരാമ്പ്ര സ്വദേശിയായ യുവാവ് കംബോഡിയയിലെ കമ്പിനിയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം


വടകര:കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ വടകര സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു. ഇന്ന് കൊച്ചിയിലെത്തും. മണിയൂർ എടത്തുംകരയിലെ അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽദേവ്, പതിയാരക്കര ചാലു പറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത്, എന്നിവരാണ് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്.

കംബോഡിയയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച സംഘത്തിൽ മലപ്പുറം എടപ്പാൾ സ്വദേശി അജ്മൽ, മംഗളൂരു സ്വദേശി റോഷൻ ആന്റണി എന്നിവരും ഉണ്ട്. തട്ടിപ്പു സംഘത്തിന്റെ വലയിൽ കുടുങ്ങിയ പേരാമ്പ്ര സ്വദേശി കമ്പനിയിൽ കുടുങ്ങിയിട്ടുളളതായാണ് വിവരം. ഇയാളെ രക്ഷിക്കുന്നതിന് ഇന്ത്യൻ എംബസി ശ്രമം ആരംഭിച്ചിട്ടുണ്ട് .

തായ്‌ലൻഡിലെ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് യുവാക്കളെ തട്ടിപ്പുസംഘം കബളിപ്പിച്ചത്. ഒക്ടോബർ 4 ഇവർ തായ്‌ലൻഡിലേക്ക് പോയി. എന്നാൽ തായ്‌ലൻഡിനു പകരം കംബോഡിയയിലെ സൈബർ തട്ടിപ്പു കേന്ദ്രത്തിലേക്കാണ് യുവാക്കളെ എത്തിച്ചത്. ജോലി വാ​ഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് ഒന്നരലക്ഷം രൂപയും സംഘം കൈപ്പറ്റിയിരുന്നു.

തങ്ങൾക്ക് ലഭിച്ച ജോലി സൈബർ തട്ടിപ്പ് നടത്തൽ ആണെന്ന് തിരിച്ചറിഞ്ഞ യുവാക്കൾ പിൻമാറാൻ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ ഇവരെ പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും നൽകാതെ ശാരീരികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്‌തതായും നാട്ടിൽ അറിയിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാക്കൾ ഇന്ത്യൻ എംബസിയിൽ പരാതിപ്പെട്ടു. ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് യുവാക്കൾ തട്ടിപ്പ് സംഘത്തിന്റെ വലയിൽ നിന്നും രക്ഷപ്പെട്ട് എംബസിയിൽ എത്തിയത്.