ഉറ്റവര്‍ നഷ്ടപ്പെട്ട തുര്‍ക്കിയിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൈത്താങ്ങായി ഒരു വടകരക്കാരനും; അന്താരാഷ്ട്ര വളര്‍ത്തുമൃഗ രക്ഷാദൗത്യസംഘത്തിലെ ഏക മലയാളിയായി ജയഹരി


വടകര: ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാകുന്ന തുര്‍ക്കിയില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് കൈത്താങ്ങായ അന്താരാഷ്ട്ര സംഘത്തിനൊപ്പം ഒരു വടകരക്കാരനും. വടകര കൈനാട്ടി സ്വദേശിയായ ജയഹരിയാണ് അമേരിക്ക ആസ്ഥാനമായുള്ള ഹ്യുമാനെ സൊസൈറ്റി ഇന്റര്‍നാഷ്ണല്‍ (എച്ച്.എസ്.ഐ) എന്ന മൃഗക്ഷേമ സംഘടനയുടെ നേതൃത്വത്തില്‍ തുര്‍ക്കിയിലെ ഭൂകമ്പബാധിത പ്രദേശത്തെത്തി വളര്‍ത്ത് മൃഗങ്ങളെ രക്ഷിക്കുന്ന ദൗത്യത്തില്‍ പങ്കാളിയായത്.

ദിവസങ്ങളോളം തകര്‍ന്ന കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്ന പൂച്ചയും നായയും കോഴിയുമടക്കമുള്ള വളര്‍ത്ത് മൃഗങ്ങളെ രക്ഷിക്കാന്‍ തുര്‍ക്കി ഹക്കാരി പ്രവിശ്യയിലേക്കാണ് ജയഹരി ഉള്‍പ്പെടെയുള്ള സംഘം പോയത്. ജയഹരിയോടൊപ്പം സീനിയര്‍ മാനേജര്‍ സുമന്ദ് ബിന്ദു മാധവ്, പ്രോഗ്രാം മാനേജര്‍ ഹേമന്ദ് എന്നിവരാണ് ദൌത്യസംഘത്തില്‍ ഇന്ത്യയില്‍ നിന്നുണ്ടായിരുന്നത്. കോസ്റ്ററീക്കയില്‍ നിന്നുള്ള രണ്ട്പേരും കൊളംബിയയില്‍ നിന്നുള്ള ഒരാളുമായിരുന്നു ടീമിലെ മറ്റ് അംഗങ്ങള്‍. എച്ച്.എസ്.ഐ ഇന്ത്യന്‍ ചാപ്റ്ററിന്റെ ഡിസാസ്റ്റര്‍ പ്രിപ്പേര്‍നസ് റെസ്പോണ്‍സ് ആന്റ് റിലീഫ് വിഭാഗത്തില്‍ ക്യാമ്പെയ്നര്‍ തസ്തികയില്‍ ജോലിചെയ്യുന്ന ജയഹരി ദൗത്യസംഘത്തിലെ ഏക മലയാളികൂടിയാണ്.

എച്ച്.എസ്.ഐ. സംഘം തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലയില്‍ നിന്നും ഇതുവരെ 1500 ഓളം വളര്‍ക്കുമൃഗങ്ങളെയാണ് രക്ഷിച്ചിട്ടുള്ളത്. എട്ട് ദിവസത്തെ സേവനത്തിന് ശേഷം ജയഹരി നാട്ടില്‍ തിരിച്ചെത്തി. കൈനാട്ടി സ്വദേശികളായ അജിതേന്ദ്രകുമാര്‍ ബീനയുടെയും മകനാണ് ജയഹരി.