കാഴ്ചക്കാരായി ആയിരത്തോളം പേർ; വടകര നഗരസഭയുടെ കടത്തനാട് കളരി മഹോത്സവം ശ്രദ്ധേയമായി
വടകര: വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ കടത്തനാട് കളരി മഹോത്സവം സംഘടിപ്പിച്ചു. പുതിയാപ്പിൽ നടന്ന മഹോത്സവം നഗരസഭ ചെയർ പേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. കടത്തനാടിന് കേളിയും പെരുമയും നേടിക്കൊടുത്ത കളരി പരമ്പര്യത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള പ്രതിജ്ഞാബദ്ധത തെളിയിച്ചുകൊണ്ടാണ് വടകര നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം മുതലാണ് കളരി മഹോത്സവം സംഘടിപ്പിക്കാൻ തുടങ്ങിയത്.
ചടങ്ങിൽ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ അധ്യക്ഷനായി. എ.പി. പ്രജിത, സിന്ധു പ്രേമൻ, രാജിത പതേരി , ലീബ.പി.പി. പ്രീത. പി.ടി.ഇ.ടി.കെ രാഘവൻ , അജയൻ . ഒ.ജി. കളരി ഗുരുക്കന്മാരായ കുഞ്ഞിമൂസ ഗുരുക്കൾ, മുഹമ്മദ് ഗുരുക്കൾ, സജീവൻ ഗുരുക്കൾ, മഹേഷ് ഗുരുക്കൾ, മിനീഷ് ഗുരുക്കൾ, രാജേഷ് ഗുരുക്കൾ, ജമാൽ ഗുരുക്കൾ എന്നിവർ സംസാരിച്ചു. തച്ചോളിക്കളി, കോൽക്കളി, പരിചമുട്ട് കളി , മാപ്പിള കോൽക്കളി, കളരി അഭ്യാസ പ്രകടനങ്ങളും തുടർന്ന് ഉറുമി നാടൻ പാട്ടു സംഘം അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.

ബ്രദേഴ്സ് ചെമ്മരത്തൂർ, ചൂരക്കൊടികളരി സംഘം വില്ലാപ്പള്ളി, തവക്കൽ കളരി സംഘം, കടത്തനാട് കളരി സംഘം പുതുപ്പണം, അങ്കം കളരി പുതുപ്പണം , സഹസ്രാര കളരി കുട്ടോത്ത് , കെ.കെ.പി.സി.ജി.എം കളരി വെളുത്ത മല എന്നിവരാണ് കളരി അഭ്യാസ പ്രകടനം കാഴ്ചവച്ചത്.