കടലിന് സമാന്തരമായി നീണ്ടുകിടക്കുന്ന തെങ്ങിൻതോപ്പുകളും കണ്ടൽക്കാടുകളും, പഞ്ചാരമണൽ വിരിച്ച മനോഹര തീരം; മിനി ഗോവയുടെ ടൂറിസം സാധ്യതകൾക്ക് ചിറക്മുളയ്ക്കുന്നു, കോട്ടപ്പുറം ബീച്ച് ഏറ്റെടുക്കാൻ വടകര നഗരസഭാ തീരുമാനം


വടകര: അടുത്തകാലത്തായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ വടകരയിലെ മിനിഗോവ എന്നറിയപ്പെടുന്ന കോട്ടപ്പുറം ബീച്ച് ഏറ്റെടുക്കാൻ നഗരസഭാ തീരുമാനം. ഈ പ്രദേശം നഗര പരിധിയിലെ റവന്യൂ പുറംപോക്ക് ഭൂമിയാണ്. റവന്യൂ വകുപ്പിൽ നിന്ന് ഈ സ്ഥലം പാട്ടത്തിനെടുക്കാനാണ് വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിൽ തീരുമാനിച്ചത്. ചെയർപേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു.

ഈ ഭൂമി മുനിസിപ്പൽ ആക്ട് സെക്ഷൻ 207 പ്രകാരം നഗരസഭയ്ക്ക് നിക്ഷിപ്തമാവുന്ന രീതിയിൽ കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഈ ഭൂമിയിൽ നിന്നുള്ള അറ്റാദായം സർക്കാരിൽ നിക്ഷിപ്തമാവുന്ന വ്യവസ്ഥയിൽ ഭൂമി പാട്ടത്തിന് അനുവദിക്കുന്നതിനായി നഗരസഭയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് കാണിച്ച് ജില്ലാ കലക്ടർ നഗരസഭയ്ക്ക് കത്തയച്ചിരുന്നു. ഈ കത്തിലാണ് ഇന്നലെ ചേർന്ന കൗൺസിൽ തീരുമാനമെടുത്തത്.

ടൂറിസം മേഖലയിൽ വലിയ വികസന സാധ്യതയുള്ള പ്രദേശമാണ് മിനി ഗോവ എന്നറിയപ്പെടുന്ന ഈ കടലോരം. കടലിന് സമാന്തരമായി നീണ്ട് കിടക്കുന്ന തെങ്ങിൻ തോപ്പ്. അതിനിടയിലൂടെ റോഡിലൂടെയുള്ള യാത്ര മനോഹരമാണ്. റോഡിനൊരു വശത്ത് കണ്ടൽക്കാടുകൾ നിറഞ്ഞ കൊളാവിപ്പാലം പുഴ കാണാം.

കുറ്റികാടുകൾ പിന്നിട്ട് കണ്ടൽ കാടുകൾക്കിടയിലൂടെ നടന്നെത്തുക പഞ്ചാര മണൽ വിരിച്ച മനോഹരമായൊരു ബീച്ചിലേക്കാണ്. ഗോവയിലെപോലെയുള്ള പ്രകൃതി ഭംഗിയും തീരവുമെല്ലാമാണ് ഈ പ്രദേശത്തിന് മിനി ഗോവ എന്ന പേര് വരാൻ കാരണം. പാവപ്പെട്ടവന്റെ ഗോവ എന്നും ആളുകൾ വിളിക്കുന്നു. നഗരസഭ ഈ പ്രദേശം ഏറ്റെടുക്കുന്നതോടെ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾക്കു കൂടിയാണ് ചിറകുവെക്കുന്നത്.

Summary: Vadakara Municipality’s decision to take over Mini Goa