ഭൂഗർഭജലസ്രോതസ്സ് വിതാനം ഉയർത്തുക, തെങ്ങ് കൃഷിയെ പരിപോഷിപ്പിക്കുക; തെങ്ങിന് തടം, മണ്ണിന് ജലം പദ്ധതിക്ക് വടകര നഗരസഭയില്‍ തുടക്കം
വടകര: മണ്ണ് – ജല സംരക്ഷണം ലക്ഷ്യമിട്ട് കേരള സർക്കാർ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി. കൊടുവാട്ട് പ്രഭാകരന്റെ വീട്ടുപറമ്പിലെ തെങ്ങിന് തടമെടുത്തുകൊണ്ട് കൊക്കഞ്ഞാത്ത് വാര്‍ഡ് കൗൺസിലർ പി.കെ സതീശൻ മാസ്റ്റർ വാര്‍ഡ് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നെറ്റ് സീറോ കാർബൻ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ജലബജറ്റ് തുടർപ്രവർത്തനം എന്ന നിലയിലാണ് ഈ പദ്ധതി വാർഡിൽ നടപ്പിലാക്കുന്നത്. തുലാവർഷം മഴയെ പരമാവധി തെങ്ങിൻതടത്തിലൂടെ സംഭരിച്ച് ഭൂഗർഭജലസ്രോതസ്സ് വിതാനം ഉയർത്തുക, തെങ്ങ് കൃഷിയെ പരിപോഷിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരമാവധി വീട്ടുപറമ്പുകളിലെ തെങ്ങുകളെയാണ് പദ്ധതിയുടെ ഭാഗമാക്കുക.
സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം, സമ്പൂർണ്ണ മാലിന്യമുക്ത വാർഡ് എന്നീ പ്രവർങ്ങളിലൂടെ നെറ്റ് സീറോ കാർബൺ വാർഡ് എന്ന ലക്ഷ്യമാണ് വാര്‍ഡിനുള്ളത്. വാർഡ് വികസന സമിതി അംഗം ടി.കെ മുരളീധരൻ അധ്യക്ഷത വഹിച്ചു.
ഗ്രീൻ ലീഡർ രവീന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, പി ശശി, എഡിഎസ് ചെയർപേഴ്സൺ റീജ എന്നിവർ സംസാരിച്ചു. അയൽക്കൂട്ടം അംഗങ്ങൾ. പ്രദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Description: Vadakara Municipal Council started the project for Coconut Pond, Soil for Water