“മ്മളെ വടേരക്കായി ഞങ്ങളും കൂടെ”; കുട്ടികൾക്കായി നെറ്റ് സീറോ കാർബൺ പഠനക്യാമ്പുമായി വടകര നഗരസഭ
വടകര: ആഗോളതാപനം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വടകര നഗരസഭ നടപ്പിലാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന പദ്ധതിയിൽ വിദ്യാർത്ഥികളും ഭാഗമാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന് വിദ്യാർഥികൾക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. “മ്മളെ വടേരക്കായി ഞങ്ങളും കൂടെ” എന്ന പേരിൽ നടത്തിയ ക്യാമ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ രാജിതാ പതേരി, സിന്ധു പ്രേമൻ, കൗൺസിൽ പാർട്ടി ലീഡർമാരായ എൻ.കെ.പ്രഭാകരൻ വി.കെ.അസീസ് മാസ്റ്റർ കെ.കെ.വനജ സംസാരിച്ചു. വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ കെ.പി.രമേശൻ നന്ദിയും.
2035ൽ നെറ്റ് കാർബൺ നഗരസഭയാകാൻ ലക്ഷ്യമിടുന്ന വടകരയുടെ ശ്രദ്ധേയമായ മാതൃകയാണ് കുട്ടികളുടെ ‘മ്മളെ വടേരക്കായി ഞങ്ങളും കൂടെ’ എന്ന പഠന ക്യാമ്പ്. കുട്ടികളിലൂടെ ഈ മേഖലയിൽ വലിയൊരു മാറ്റം സൃഷ്ടിക്കുക എന്നത് ലക്ഷ്യമാക്കിയാണ് നഗരസഭ സ്കൂൾ വിദ്യാർഥികൾക്ക് ദ്വിദിന ക്യാമ്പ് നടത്താൻ ഉദ്ദേശിച്ചത്. ആദ്യഘട്ടത്തിൽ എൽപി, യുപി വിദ്യാർഥികൾക്കാണ് ക്യാമ്പ് നടത്തുന്നത്. സ്കൂൾതലത്തിൽ ക്വിസ് നടത്തിയാണ് ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത്.
കുട്ടികൾക്ക് പരിസ്ഥിതി അവബോധം നൽകുന്നതിനോടൊപ്പം അവരുടെ വീടുകളെ ഹരിതഗൃഹം ആക്കുന്നതിനും സ്കൂളിനെ ഹരിത വിദ്യാലയം ആക്കുന്നതിനും കഴിയുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികളെയും നഗരസഭയുടെ നെറ്റ് സീറോ സ്റ്റുഡന്റ് അംബാസഡർമാരായി പ്രഖ്യാപിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ക്യാമ്പിനോട് അനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.
ആഗോളതാപനം കുറയ്ക്കുന്നതിനു വേണ്ടിയും പരിസ്ഥിതി പുനസ്ഥാപനത്തിനു വേണ്ടിയും നടപ്പിലാക്കുന്ന പദ്ധതിയാണ് നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ. ഹരിത കേരള മിഷന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത പദ്ധതി പദ്ധതിയാണിത്. ഈയൊരു പ്രവർത്തനം ഏറ്റെടുത്ത ആദ്യ നഗരസഭയാണ് വടകര നഗരസഭ. വടകര നഗരസഭയിൽ ഇതിനോടകം തന്നെ ഈ പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ജല ബജറ്റ്, പച്ചതുരുത്ത്, ഊർജ്ജ സംരക്ഷണ ക്യാമ്പയിനുകൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത അയൽക്കൂട്ടം എന്നിവ അവയിൽ ചിലതാണ്.
Summary: “We are also with you for our Vadakara”; Vadakara Municipal Corporation organizes a net zero carbon learning camp for children