ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി വടകര എം.പി ഷാഫി പറമ്പിൽ


പാലക്കാട്: വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി വടകര എം.പി ഷാഫി പറമ്പിൽ. കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്നാണ് ഷാഫി പറമ്പിലിന്റെ ആവശ്യം. പാലക്കാടിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഉത്സവമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നും ആളുകൾ വരുന്നതാണ്. അതേ തീയതിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോ​ഗികമായി ബുദ്ധിമുട്ടുണ്ടെന്നും ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.

കളക്ടർ വഴിയും ഇക്കാര്യം അറിയിക്കാൻ ശ്രമിച്ചു. ഓൾ പാർട്ടി മീറ്റിങ്ങിലും ഇക്കാര്യം ഉയർന്നുവന്നിരുന്നു. തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള സാധ്യതകൾ തേടണമെന്നാണ് ആ​ഗ്രഹിച്ചത്. നവംബർ 20-നും ഒരു പോൾ തീയതിയുണ്ട്. അത്തരത്തിലാണ് കാര്യങ്ങൾ ഉന്നയിച്ചതും. അന്തിമതീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 13-നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേദിവസമാണ് കൽപാത്തി രഥോത്സവം തുടങ്ങുന്നതും. അന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ.