കുറ്റ്യാടി – മയ്യഴി പുഴകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി; വടകര – മാഹി കനാൽ 2025 ഓടെ പൂർത്തിയാക്കുമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി


വടകര: വടകര-മാഹി കനാല്‍ ജലപാതാ വികസനം 2025-ല്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നതായി മുഖ്യമന്ത്രി. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയുടെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുപ്പിനായി 25.30 കോടിരൂപ അനുവദിച്ചതോടെ 17.61 കിലോമീറ്ററോളമുള്ള കനാല്‍ പ്രവൃത്തി അഞ്ച് ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. 3 ആം റീച്ചിലെ ഉയര്‍ന്ന കട്ടിംഗ് ആവശ്യമുള്ള 800 മീറ്റര്‍ ഭാഗത്ത് പ്രത്യേക സംരക്ഷണ പ്രവൃത്തിക്കുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും പ്രവൃത്തി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലന്ന് സബ്മിഷനിലൂടെ എം.എൽ.എ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

കുറ്റ്യാടിപുഴയെയും മയ്യഴി പുഴയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയാണ് വടകര-മാഹി കനാല്‍. കനാല്‍ യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍ കേരളത്തിലെ ഫലപ്രദമായ ജലഗതാഗത സംവിധാനമായി ഇത് മാറും. എന്നാല്‍ മൂന്നാം റീച്ച് പ്രവൃത്തി ആരംഭിച്ചാൽ മാത്രമേ ഉദ്ദേശിച്ച സമയപരിധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവൂ.

മൂന്നാം റീച്ച് പ്രവർത്തിക്കായി എല്‍.ബി.എസ്. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വുമെന്‍) തിരുവനന്തപുരം,തയ്യാറാക്കിയ ഡിസൈന്‍ പരിഷ്കരിക്കുന്നതിനും, പ്രസ്തുത ഭാഗത്തെ മണ്ണിന്‍റെ പ്രത്യേകത പരിഗണിച്ച് കനാലിന്റെ കരകള്‍ ബലപ്പെടുത്തുന്നതിന് റോക്ക് ബോള്‍ട്ട് വിത്ത് വയര്‍ മെഷ് ഫേസിങ്ങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംരക്ഷണ പ്രവൃത്തിയുടെ സാധ്യതകള്‍ പഠിക്കുന്നതിനും കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതായും എല്‍.ബി.എസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെ ഇതിനായുള്ള ടെസ്റ്റുകള്‍ നടത്തുന്നതിനുവേണ്ടി എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി വരികയാണെന്നും സബ്മിഷന് മഹുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

2025ഓടെയാണ് കനാലിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ധാരണയായിട്ടുള്ളത്.