വടകര മാഹി കനാൽ ദേശീയ ജലപാതാ നിലവാരത്തിലേക്ക്; മുടങ്ങിക്കിടന്ന മൂന്നാം റീച്ചിലെ പ്രവൃത്തി പുരോഗമിക്കുന്നു
വടകര: ഉൾനാടൻ ജലഗതാഗത പാതയുടെയും അനുബന്ധ കനാലുകളുടെയും വികസനത്തിൻറെ ഭാഗമായി വടകര മാഹി കനാലിൻറെ മൂന്നാം റീച്ച് കനാലിന്റെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. 457.380 കിലോമീറ്റർ മുതൽ 460.620 വരെയുള്ള പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. 10 മീറ്ററും അതിൽ കൂടുതലും ആഴത്തിൽ മണ്ണ് നീക്കുന്ന പ്രവർത്തിയാണ് നടന്നുവരുന്നത്. 20.18കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.
പ്രസ്തുത പ്രവൃത്തി 2014ൽ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു. കനാൽ നിർമ്മാണത്തിനായി കുഴിച്ചെടുത്ത ഗുണനിലവാരമില്ലാത്ത മണ്ണ് നിക്ഷേപിക്കാൻ അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാലും 2020 ൽ കോവിഡ് ലോക്ക്ഡൗൺ ആയതിനാലും പ്രവൃത്തി പൂർണ്ണമായും നിലച്ചിരിക്കുകയായിരുന്നു. തുടർന്ന് 2024 മാർച്ച് ആദ്യവാരത്തിലാണ് പ്രവൃത്തി പുനരാരംഭിച്ചത്. കനാൽ നിർമ്മാണത്തിൻറെ ഭാഗമായി കരയിൽ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കിയത്. നിലവിൽ പ്രവൃത്തിയുടെ 53% പൂർത്തീകരിച്ചിട്ടുണ്ട്.

വടകര-മാഹി കനാലിൻറെ മൂന്നാം റീച്ചിൽ വരുന്ന ചെരിപ്പൊയിൽ അക്വിഡക്റ്റ് മുതൽ പറമ്പിൽ പാലം വരെയുള്ള ഉയർന്ന കട്ടിങ്ങ് ആവശ്യമായ 800 മീറ്റർ പ്രദേശത്ത് പ്രവൃത്തി നടത്തുന്നതിന് ഡിസൈൻ ലഭ്യമാക്കാനായി കെ ഡബ്യു ഐ എല്ലിന് മണ്ണ് പരിശോധനയുടെ വിശദവിവരങ്ങൾ നൽകുകയുണ്ടായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഡിസൈൻ പ്രകാരം ടെണ്ടർ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം റീച്ചിലെ 800 മീറ്റർ ഒഴികെയുള്ള ഭാഗത്തെ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.