വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്‌; 25നുള്ളിൽ അന്വേഷണ റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി


വടകര: കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധന ഫലവും ഹാജരാക്കാന്‍ രണ്ടാഴ്ച മുന്നേ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ പൊലീസ് ഇവ ഹാജരാക്കിയിരുന്നില്ല. മാത്രമല്ല കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ഇന്ന് തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പറഞ്ഞ കോടതി പിന്നീട് അടുത്ത തിങ്കളാഴ്ച വരെ സാവകാശം അനുവദിക്കുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനയുടെ വിശദാംശങ്ങളും തിങ്കളാഴ്ചയ്ക്ക് മുമ്പ് സമര്‍പ്പിക്കണം.

കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കാസിമിന്റെ ഹര്‍ജിയില്‍ ഈ മാസം 29 തിന് വാദം തുടരും.

Description: Vadakara Kafir Screenshot Case; Court to submit investigation report within 25