250ഓളം പേർക്ക് സെലക്ഷന്‍, 900 പേര്‍ ചുരുക്കപ്പട്ടികയില്‍; വടകരയിലെ തൊഴില്‍മേളയില്‍ പങ്കെടുത്തത് ആയിരങ്ങള്‍


വടകര: ഇന്നലെ വടകരയില്‍ നടന്ന തൊഴില്‍മേളയില്‍ തത്സമയം ജോലി ലഭിച്ചത് 250ഓളം പേര്‍ക്ക്. ഇരുപത്തിനാല് കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്. മാത്രമല്ല 900 പേരെ ചുരുക്കപട്ടികയിലും ഉള്‍പ്പെടുത്തി. ഒമ്പത് ടെക്‌നിക്കല്‍ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. ജൂവലറി, ടെക്‌സ്റ്റൈയില്‍സ് തുടങ്ങിയ സ്ഥാപനങ്ങളായിരുന്നു പ്രധാനമായും പങ്കെടുത്തത്.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റ് സെന്റര്‍, വടകര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ വടകര മോഡല്‍ പോളി ടെക്‌നിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച മേളയില്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ ഒമ്പത് മണിയോടെ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ എത്തിയതോടെ പോളിടെക്‌നിക് പരിസരം നിറഞ്ഞുകവിഞ്ഞു. മാത്രല്ല ഉദ്യോഗാര്‍ത്ഥികളുടെ വാഹനം കാരണം സമീപ പ്രദേശത്തുള്ളവര്‍ക്ക് വീടുകളില്‍ നിന്നും വാഹനം പുറത്തേക്കിറക്കാനും സാധിക്കാതെ വന്ന സാഹചര്യമുണ്ടായി. പോലീസ് ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.

ഏത് പ്രായത്തിലുള്ളവര്‍ക്കും മേളയില്‍ പങ്കെടുക്കാമെന്ന കോളേജ് പ്രിന്‍സിപ്പളിന്റെ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് ഇത്രയും ആളുകള്‍ എത്താന്‍ കാരണമായത്. എന്നാല്‍ നാല്‍പത് കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എംപ്ലോയ്‌മെന്റ് അധികൃതരുമായി ബന്ധപ്പെട്ടതോടെ തങ്ങൾ അങ്ങനെയൊരു സന്ദേശം പുറത്തുവിട്ടിട്ടില്ലെന്നായിരുന്നു മറുപടി. ഇതോടെ ഒട്ടേറെപ്പേർ മേളയിൽ പങ്കെടുക്കാതെ മടങ്ങിപ്പോയി.

Description: Vadakara Job Fair: About 250 candidates selected, 900 shortlisted