വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വടകര ജെ.ടി. റോഡിൽ 12 മുതൽ ഗതാഗത ക്രമീകരണം
വടകര: ജെ.ടി. റോഡിൽ കൽവർട്ട് നിർമിക്കുന്നതിനോടനുബന്ധിച്ച് 12 മുതൽ വടകരയിൽ ഗതാഗത ക്രമീകരണമൊരുക്കുന്നു. ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് പുതിയമാറ്റങ്ങൾ. ജെ.ടി. റോഡ് പെട്രോൾ പമ്പ് കഴിഞ്ഞ് റോഡ് അടയ്ക്കും. പെരുവട്ടും താഴ ഭാഗത്ത് നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ രാകേഷ് ഹോട്ടലിന് സമീപത്തുള്ള റോഡുവഴി മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കും. മാർക്കറ്റ് റോഡും ലിങ്ക് റോഡും വൺവേ ഒഴിവാക്കി ടൂവേ സംവിധാനം ആക്കി മാറ്റും.
തിരുവള്ളൂർ റോഡിൽ നിന്ന് ആശുപത്രി ഭാഗത്തക്ക് പോകുന്ന ചീരാംവീട്ടിൽ റോഡിൽ വൺ വേയാക്കും. മാർക്കറ്റ് റോഡിലുള്ള കയറ്റിറക്കിന് സമയക്രമീകരണം ഏർപ്പെടുത്തി. രാവിലെ ആറുമണി മുതൽ എട്ടുവരെയും ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയും കയറ്റിറക്ക് നടത്താം.
നഗരസഭാ ചെയർപേഴ്‌സൺ വിളിച്ചുചേർത്ത യോഗത്തിൽ ഡിവൈ.എസ്.പി., പി .ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനിയർ, വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനിയർ, ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥർ, വടകരയിലെ കച്ചവട പ്രതിനിധികളുടെ കൂട്ടായ്മയായ വ്യാപാര വ്യവസായ സമിതി, മർച്ചന്റ് അസോസിയേഷൻ, വിവിധ ഓട്ടോത്തൊഴിലാളി സംഘടനാ പ്രതിനിധികൾ, ബസ് ഓണർ അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽച്ചേർന്ന യോഗത്തിലാണ് ക്രമീകരണങ്ങൾ സംബന്ധിച്ച തീരുമാനങ്ങളെടുത്തത്.