ആദ്യഘട്ട 15 ആശുപത്രികളുടെ ലിസ്റ്റിൽ വടകരയും; ആയുർവേദ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെ.കെ.രമ എം.എൽ.എ


വടകര: വടകര ഗവ. ആയുർവേദ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി കെ.കെ.രമ എം.എൽ.എ. ഇതിനായി സംസ്ഥാനത്തുനിന്നും നാഷനൽ ആയുർമിഷനിലേക്ക് സമർപ്പിച്ച 15 ആശുപത്രികളുടെ ലിസ്റ്റിൽ വടകര ആയുർവേദ ആശുപത്രിയും ഉൾപ്പെട്ടതായി എം.എൽ.എ അറിയിച്ചു.

വടകര താലൂക്കിലെ എല്ലാ ഭാഗത്തുമുള്ള രോഗികൾ ആശ്രയിക്കുന്ന പ്രധാന ആയുർവേദ ആശുപത്രിയാണ് ഇത്. ആശുപത്രിയെ താലൂക്ക് ആശുപത്രി ആയി ഉയർത്താത്തതിനാൽ രോ​ഗികൾ വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചു വരികയാണ്. ആവശ്യത്തിനുള്ള ജീവനക്കാരുടെ അഭാവവും, ഭൗതിക സാഹചര്യങ്ങളുടെ പരിമിതിയും കാരണം ആശുപത്രിയെ ആശ്രയിക്കുന്ന രോഗികൾക്ക് ആവശ്യാനുസരണമുള്ള ചികിത്സ ലഭ്യമാക്കാൻ കഴിയുന്നില്ല എന്നതും ആവശ്യത്തിനുള്ള കിടത്തി ചികിത്സ സംവിധാനം നിലവിലില്ല എന്നതുമെല്ലാം വലിയ പ്രശ്നമായി ഇവിടെ തുടരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ തുടക്കത്തിൽ തന്നെ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനായുള്ള നടപടി സ്വീകരിക്കാൻ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പിലെ സ്ഥാപനങ്ങളുടെ സ്റ്റാൻഡേർഡൈസേഷനുമായി ബന്ധപ്പെട്ടുള്ള വിഷയം ചർച്ച ചെയ്യാൻ 2024 ആഗസ്ത് മാസം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ തുടർന്ന് തയ്യാറാക്കിയ സംസ്ഥാനത്തുള്ള 15 ആശുപത്രികളുടെ ലിസ്റ്റിലാണ് വടകര ആശുപത്രിയും ഉൾപെട്ടിട്ടുള്ളത് എന്നും, ഇതിന് അംഗീകാരം ലഭിക്കുന്നതോടെ ആശുപത്രിയുടെ അപ്ഗ്രഡേഷൻ പ്രവർത്തികമാവാൻ പോവുകയാണെന്നും എം.എൽ.എ പറഞ്ഞു.

കൂടാതെ ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ബജറ്റ് പ്രൊപ്പോസലിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിക്കുന്നതിലേക്ക് നേടിയെടുത്ത 50 ലക്ഷം രൂപയുടെ പ്രവർത്തി പൂർത്തിയായി വരികയാണെന്നും വൈകാതെ തന്നെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു.

Summary: Vadakara in the list of 15 hospitals in the first phase; KK Rama MLA said that the steps to upgrade the Ayurvedic hospital as a taluk hospital are in progress