വടകര ഗവ. ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വർധനവ്; പ്രതിഷേധവുമായി യുവജന സംഘടനകൾ, തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടിയിലേക്ക് നീങ്ങും
വടകര: വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിവിധ യുവജന സംഘടനകൾ. നിലവിലെ ടിക്കറ്റ് നിരക്കായ അഞ്ചു രൂപയിൽ നിന്ന് പത്ത് രൂപയാക്കി വർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ഡിസംബർ ഒന്നു മുതലാണ് വർധനവ് പ്രാബല്യത്തിൽ വരിക.
ഒക്ടോബറിൽ ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു. സാധാരണക്കാരെ സംബന്ധിച്ച് ടിക്കറ്റ് നിരക്ക് വർധനവ് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. ദിനംപ്രതി 1500 മുതൽ 2000പേർ വരെ ആശുപത്രിയിലെത്തുണ്ട്.
ഒ.പി ടിക്കറ്റ് ചാർജ് വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. ജില്ലാ ആശുപത്രിക്ക് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങൾ വടകരയിൽ ഇല്ല, എല്ലാ വിഭാഗത്തിലുമുള്ള ചികിത്സക്കായി ഡോക്ടർമാരുടെ അപര്യാപ്തതയും വടകര ജില്ലാ ഹോസ്പിറ്റലിൽ ഉണ്ട്. പ്രസ്തുത വിഷയങ്ങൾക്കാണ് അടിയന്തരമായി പരിഹാരം കാണേണ്ടതെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം പ്രസിഡണ്ട് സി.നിജിൻ വടകരഡോട് ന്യൂസിനോട് പറഞ്ഞു.
ഒ.പി. ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് വടകര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.കെ.സി. അഫ്‌സൽ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. എച്ച്.എം.സി ജീവനക്കാർക്ക് ശമ്പളം നൽകാൻ മറ്റു മാർഗങ്ങൾ തേടണമെന്നും അത് ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധനവിനെതിരെ യൂത്ത് ലീഗ് ഒക്ടോബറിൽ ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകിയിരുന്നു. തുടർന്ന് തൽക്കാലത്തേക്ക് ടിക്കറ്റ് നിരക്ക് വർധനവ് ആശുപത്രി അധികൃതർ പിൻവലിക്കുകയും ചെയ്തിരുന്നു.
Description: Vadakara Govt. OP ticket price increase in district hospital; In protest, the youth organizations will go on an open strike program if the decision is not withdrawn