കയറിയതിന് പിന്നാലെ ലിഫ്റ്റ് തകരാറിലായി; പിന്നാലെ ശ്വാസം മുട്ടല്‍, വിവരമറിഞ്ഞ് ഓടിയെത്തി വടകര അഗ്നിരക്ഷാസേന, ജീവിതം തിരികെ കിട്ടിയ സന്തോഷത്തില്‍ അഞ്ച് സുഹൃത്തുക്കള്‍
വടകര: ലിഫ്റ്റിൽ കുടുങ്ങിയ അഞ്ച് സുഹൃത്തുക്കള്‍ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന. ഇന്ന് ഉച്ചക്ക് 12.40ന് വടകര ടൗൺഹാളിന് മുൻവശം പ്രവര്‍ത്തിക്കുന്ന ഓറഞ്ച് സൂപ്പർമാർക്കറ്റിലാണ് സംഭവം. നാരായണ നഗറിലെ ജയേഷ് വി.എം, വിനോദ് അറക്കിലാട്, സിബി പഴങ്കാവ്, മുരളീധരൻ പതിയാരക്കര, ജഗന്നാഥൻ ഇരിങ്ങൽ എന്നിവരാണ് ലിഫ്റ്റില്‍ അപ്രതീക്ഷിതമായി കുടുങ്ങിയത്. ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഹാള്‍ ബുക്ക് ചെയ്യാനായി പോയതായിരുന്നു സുഹൃത്തുക്കളായ അഞ്ച് പേരും.
എന്നാല്‍ ലിഫ്റ്റില്‍ കയറിയതിന് പിന്നാലെ അപ്രതീക്ഷിതമായി ലിഫ്റ്റ് തകരാറിലായി. അഞ്ച് പേര്‍ ഒന്നിച്ചുള്ളതിനാല്‍ അല്‍പ സമയം കൊണ്ട് തന്നെ ലിഫ്റ്റില്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടാനും തുടങ്ങി. ലിഫ്റ്റില്‍ ആളുകള്‍ കുടുങ്ങിയത് അറിഞ്ഞതോടെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ലിഫ്റ്റിൽ നിന്നും മുരളീധരൻ വടകര ഫയർ സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു.

വിവരം കിട്ടിയതിനെ തുടര്‍ന്ന് മിനുട്ടുകൾക്കുള്ളിൽ വടകര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പവർ ഓഫ് ചെയ്തു ലിഫ്റ്റ് കീ ഉപയോഗിച്ച് ഡോർ മുഴുവനും തുറന്ന് രക്ഷാപ്രവർത്തനം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് ഡോർ വിടർത്തി ഓരോ ആളുകളെയായി സുരക്ഷിതമായി പുറത്തെത്തിച്ചു.
കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടന്നതിനാൽ ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കളായ അഞ്ചുപേരും. വടകര അഗ്നിരക്ഷാനിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ ഷൈജേഷിൻ്റെ നേതൃത്വത്തിൽ റാഷിദ് എം.ടി, മനോജ് കിഴക്കേക്കര, ഷിജേഷ് ടി, സിബിഷാൽ പി.ടി, സഹീർ പി.എം, സാരംഗ് എസ്.ആർ, സന്തോഷ്.കെ എന്നിവർ ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.
Description: Vadakara Fire Rescue rescues five people trapped in lift