വടകരയെ ഞെട്ടിച്ച കടവരാന്തയിലെ കൊലപാതകവും കാരവാനിലെ ഇരട്ടമരണവും അന്വേഷിക്കുന്നതിന് മേൽനോട്ടം വഹിച്ച സമർത്ഥനായ ഉദ്യോഗസ്ഥൻ; വടകര സി.ഐ ആയിരുന്ന സുനിൽകുമാർ ഇനി ഡി.വൈ.എസ്.പി
വടകര: വടകര സിഐ സുനിൽകുമാറിന് സ്ഥാനക്കയറ്റത്തോടെ സ്ഥലമാറ്റം. കണ്ണൂരിൽ ക്രൈംബ്രാഞ്ച് എക്കണോമിക് വിങ്ങ് ഡിവൈഎസ്പിയായാണ് സഥലം മാറ്റം. ഇന്ന് വടകര സ്റ്റേഷനിലെ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ അദ്ധേഹത്തിന് യാത്രയയപ്പ് നൽകി. 2024 ജൂലൈ 15 ന് ആണ് വടകരയിൽ സിഐ ആയി ചാർജെടുത്തത്.
മയക്കുമരുന്ന് ഉപയോഗവും വിപണനവും വടകര മേഖലയിൽ വർധിച്ചു വരുന്നുണ്ട്. ആറുമാസത്തിനുള്ളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വടകര റെയിൽ വേ സ്റ്റേഷനിൽ നിന്ന് 10 കിലോയോളം കഞ്ചാവുമായി ഇതരസംസ്ഥാനത്തൊഴിലാളികളെ പിടികൂടിയിരുന്നു. ഈ അന്വേഷണത്തിന് ഉൾപ്പടെ മേൽനോട്ടം വഹിച്ചത് സിഐ സുനിൽകുമാറായിരുന്നു. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കടവരാന്തയിൽ വയോധികൻ കൊല്ലപ്പെട്ട കേസിലും പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ 14 ഓളം കടകളിൽ മോഷണം നടന്ന കേസിലും പ്രതിയെ പിടികൂടുന്നതിന് സിഐ സുനിൽ കുമാറിന് സാധിച്ചിട്ടുണ്ട്. കൂടാതെ വടകരയെ ഞെട്ടിച്ച ദുരന്തമായിരുന്നു റോഡരികിൽ നിർത്തിയിട്ട കാരവാനിൽ 2 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിലെ ദുരൂഹത മറ നീക്കി പുറത്ത് കൊണ്ടുവരാൻ സിഐ നേതൃത്വം നൽകിയ അന്വേഷണ സംഘത്തിന് കഴിഞ്ഞെന്നതും സർവ്വീസിലെ നേട്ടമായി പറയാം.

ജൂലൈ 15 ന് ശേഷം ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ വടകര പോലിസ് സ്റ്റേഷൻ പരിധിയിൽ 10 ഓളം പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ കേസുകളിലെല്ലാം പ്രതിളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്ന് സുനിൽ കുമാർ പറഞ്ഞു. മികച്ച കഴിവുള്ള സഹപ്രവർത്തകരാണ് ഒപ്പമുള്ളത്. അത് തന്നെയാണ് ഓരോ കേസ് അന്വേഷണവും കൃത്യമായി പൂർത്തിയാക്കാൻ സാധിക്കുന്നതിന് പിന്നിലുള്ളതെന്നും അദ്ധേഹം പറഞ്ഞു.
പ്രമാധമായ കൊട്ടിയൂർ പീഡനക്കേസ്, കൂടത്തായിക്കേസ് എന്നീ അന്വേഷണ സംഘത്തിലും സിഐ സുനിൽ കുമാറുണ്ടായിരുന്നു. കൊട്ടിയുർ പീഡനക്കേസ് സമയത്ത് പേരാവൂർ സിഐ ആയിരുന്നു അദ്ദേഹം. ഇതിന് പുറമേ കൊയിലാണ്ടി പോലിസ് സ്റ്റേഷനിൽ സിഐ ആയും എസ്ഐ ആയും സേവനം അനുഷ്ടിച്ചിരുന്നു.
പേരാമ്പ്ര സ്വദേശിയായ സുനിൽ കുമാർ 2004 ൽ ആണ് സർവ്വീസിൽ കയറുന്നത്. 2014 ൽ വടകര എസ് ഐ ആയി സേവനം അനുഷ്ടിച്ചിരുന്നു.
അച്ഛൻ: ബാലൻ
അമ്മ: ദേവി
ഭാര്യ: ഷൈജി
2 മക്കളാണുള്ളത്.