നാദാപുരത്ത് ഓഫീസിൽകയറി അഭിഭാഷകനെ അക്രമിച്ച സംഭവം; അഭിഭാഷകർക്കെതിരായ അക്രമണങ്ങള്‍ക്കെതിരെ നിയമനിർമാണം വേണമെന്ന് വടകര ബാര്‍ അസോസിയേഷന്‍
നാദാപുരം: ജനാധിപത്യ വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും, അഭിഭാഷകനും നാദാപുരം ബാർ അസോസിയേഷൻ സെക്രട്ടറിയുമായ പി.സി ലിനീഷിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് വടകര ഗാന്ധി പ്രതിമയ്ക്ക് സമീപത്ത് ഇന്നലെ വടകര ബാർ അസോസിയേഷൻ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അഭിഭാഷകർക്കെതിരെ ഉയർന്നുവരുന്ന ഇത്തരം ആക്രമങ്ങൾക്കെതിരെ സമഗ്രമായ നിയമനിർമാണം വേണമെന്ന് പ്രതിഷേധത്തിൽ വടകര ബാർ അസോസിയേഷൻ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതിഷേധ ദിനാചാരണത്തിന്റെ ഭാഗമായി അഭിഭാഷകർ ബാഡ്ജ് ധരിച്ചാണ് ഇന്നലെ കോടതിയിൽ ഹാജരായത്. പരിപാടിയിൽ അസോസിയേഷൻ സെക്രട്ടറി പി.വി മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രസിഡണ്ട് എ.സനൂജ് അധ്യക്ഷത വഹിച്ചു. തുടർന്ന് അഭിഭാഷകരായ ഇ.ഹരീഷ്, സുബിൻ രാജ്.എം, സി.കെ വിനോദൻ, ലാൽ മോഹൻ.കെ, ഇ.സ്മിത, ഷാനിദ്, സുരേഷ്.കെ, ബാർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ആനന്ദവല്ലി എന്നിവർ സംസാരിച്ചു.
സെപ്തംബര്‍ 27 വൈകുന്നേരം നാലരയോടെയാണ് നാദാപുരം കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറി എടച്ചേരി സ്വദേശിയായ കണിയാന്റെ പറമ്പത്ത് ആഷിഖ് ആക്രമണം നടത്തിയത്. വടികൊണ്ട് തലയ്ക്കും കഴുത്തിനും അടിക്കുകയായിരുന്നു. പ്രതിയും പ്രതിയുടെ ഭാര്യയും വേർപെട്ട് താമസിച്ചുവരുകയാണ്. അഭിഭാഷകയായ ഇവരെ ആഷിഖ് ബുദ്ധിമുട്ടിക്കുന്നത് ചോദ്യം ചെയ്തതിനാണ് ലിനീഷിനെ അക്രമിച്ചത്. സംഭവത്തില്‍ ആഷിഖിനെതിരെ വധശ്രമത്തിന് കേസെടുത്തു. അക്രമണത്തിന് ശേഷം പ്രതിയെ സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു.
Description: Vadakara Bar Association organized a protest meeting against the attack on the lawyer