വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണതട്ടിപ്പ് കേസ്; ഒന്നേ മുക്കാൽ കിലോ സ്വർണം കൂടി കണ്ടെടുത്തു, ഇടനിലക്കാരന്‍ കാര്‍ത്തിക് ഇപ്പോഴും കാണാമറയത്ത്‌


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ പണയ സ്വർണത്തട്ടിപ്പു കേസിൽ ഒന്നേമുക്കാല്‍ സ്വര്‍ണം കൂടി പോലീസ് കണ്ടെത്തി. വടകര സി.ഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട് തിരുപ്പൂരിലെ കാത്തോലിക് സിറിയന്‍ ബാങ്കിന്റെ നാല് ശാഖകളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.

സിഎസ്ബി തിരുപ്പൂര്‍ മെയിന്‍ ബ്രാഞ്ച്, കാങ്കയം ബ്രാഞ്ച്, കാങ്കയം റോഡ് ബ്രാഞ്ച്, പിഎന്‍ റോഡ് ബ്രാഞ്ച് എന്നിവിടങ്ങളിലായി പണയം വെച്ചതായിരുന്നു സ്വര്‍ണം. കേസിലെ പ്രതി മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ ഇടനിലക്കാരന്‍ കാര്‍ത്തിക്കിന്റെ സഹായത്തോടെ സ്വര്‍ണം പണയം വെക്കുകയായിരുന്നു. എസ്ഐമാരായ ബിജു വിജയന്‍, മനോജ് കുമാര്‍, എഎസ്ഐ രാജേഷ് എന്നിവരാണ് സി.ഐയ്ക്ക് ഒപ്പം സംഘത്തിലുണ്ടായിരുന്നത്‌.

കണ്ടെടുത്ത സ്വര്‍ണം വ്യാഴാഴ്ച വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മധ ജയകുമാർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബാങ്കില്‍ പണയം വെച്ചതായിരുന്നു സ്വര്‍ണം. പണയം വെച്ച് കിട്ടിയ പണം മധ ജയകുമാര്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി ഉപയോഗിച്ചതായാണ് പുറത്തുവരുന്ന വിവരം.

26കിലോയില്‍ ഇനി 16കിലോ സ്വര്‍ണമാണ് കണ്ടെത്താനുള്ളത്‌. മധ ജയകുമാര്‍ തട്ടിയെടുത്ത സ്വർണം വിവിധ ബാങ്കുകളി‍ൽ പല ആളുകളുടെ പേരിൽ പണയം വയ്ക്കാൻ സഹായിച്ച കാർത്തിക്കിനെ കണ്ടെത്തിയാല്‍ മാത്രമേ ബാക്കി സ്വര്‍ണം കണ്ടെത്താനാവുയള്ളൂ. മധ ജയകുമാര്‍ അറസ്റ്റിലായതോടെ കാര്‍ത്തിക് മുങ്ങിയതായാണ് വിവരം. കാര്‍ത്തിക്കിനായി ക്രൈംബ്രാഞ്ചും തമിഴ്‌നാട് പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നിലവില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മധ ജയകുമര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കാര്‍ത്തിക്കിനെ പിടികൂടിയാല്‍ മാത്രമോ മധ ജയകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയുള്ളൂ. ബാക്കിയുള്ള സ്വര്‍ണം കണ്ടെത്തണമെങ്കില്‍ ഇവരില്‍ നിന്നും ഒന്നിച്ച് തെളിവെടുക്കണം. ഇതിനിടെ കാര്‍ത്തിക്‌ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ സെക്ഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Description: gold fraud case; One and a half kilos of gold have been recovered