വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസ്; പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു, മധ ജയകുമാര്‍ നയിച്ചിരുന്നത്‌ ആഡംബര ജീവിതമെന്ന് വിവരം


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസില്‍ പിടിയിലായ മുന്‍ മാനേജര്‍ മധ ജയകുമാറിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. തുടര്‍ ചോദ്യം ചെയ്യലിനായി വടകര പോലീസ് നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. പോലീസിന്റെ പിടിയാവുമ്പോള്‍ ഇയാളുടെ കൈയില്‍ കുറച്ച് പണം ഉണ്ടായിരുന്നുവെന്നാണ് വിവരം.

അതേ സമയം മധ ജയകുമാര്‍ നയിച്ചിരുന്നത് ആഡംബര ജീവിതമായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയായ മധ താമസിച്ചിരുന്നത്‌ ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെയുള്ള മൂന്നു നില വീട്ടിലാണ് എന്നാണ് വിവരം. മാത്രമല്ല നിരവധി ആഡംബര കാറുകളും, പല സ്ഥലങ്ങളിലും ഫ്‌ളാറ്റും, സ്ഥലവും ഇയാള്‍ക്കുണ്ടെന്നാണ് വിവരം.

കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മധയെ തെലങ്കാനയില്‍ നിന്നുമാണ് പോലീസ് പിടികൂടുന്നത്. കര്‍ണാടക വഴി തെലങ്കാനയിലെത്തിയ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ്‌
പോലീസിന്റെ പിടിയിലാവുന്നത്. ഇയാളെ പിടികൂടാനായി എല്ലാ വഴികളും പോലീസ് തേടിയിരുന്നു. ഇതിന്റെ ഭാഗമായി ഇയാളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ബ്ലോക്ക് ചെയ്തിരുന്നു.

തെലങ്കാനയില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡില്ലാതെ സിം കാര്‍ഡ് കിട്ടുമോ എന്നന്വേഷിച്ച് ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ചെന്നതോടെയാണ് ഇയാള്‍ പിടിയിലാവുന്നത്‌. സംശയം തോന്നിയ കടക്കാര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ പിടികൂടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വടകരയില്‍ കേസ് ഉള്ള കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ തെലങ്കാന പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചു.

മധ ജയകുമാറിനെ തേടി മേട്ടുപ്പാളയത്തുണ്ടായിരുന്ന അന്വേഷണ സംഘം ഉടന്‍ ബീദറിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വിമാനമാര്‍ഗം കോഴിക്കോട് എത്തിക്കുകയായിരുന്നു.

Description: Vadakara Bank of Maharashtra gold fraud case; The accused was remanded for 14 days