വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണത്തട്ടിപ്പ് കേസ്; പ്രതി മധജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതി മധജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരി​ഗണിച്ച് വടകര ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജയകുമാറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകിയത്.

ബാങ്കിൽ നിന്നും നഷ്ടപ്പെട്ട 26 കിലോ പണയ സ്വർണം കണ്ടെത്തേണ്ടതുണ്ട്. ഇത് കണ്ടെത്തുന്നതിന് ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതിനാൽ ഇത്രയും ദിവസം കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

കർണാടക – തെലങ്കാന അതിർത്തിയിലെ ബിദർ ഹുംനാബാദിൽ നിന്നാണ് ഇയാൾ പടിയിലായത്. ഭാര്യയ്ക്കൊപ്പം പൂനൈയിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇന്നലെയാണ് പ്രതിയെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.