വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസ്; മധ ജയകുമാറിനെ റിമാൻഡ് ചെയ്തു, പ്രതി കുടുങ്ങിയത് പുതിയ ആധാർ എടുക്കുന്നതിനിടെ, സ്വയം മുറിവേൽപ്പിച്ച് രക്ഷപ്പെടാനും ശ്രമം


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലെ സ്വർണ്ണം തട്ടിപ്പ് കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ റിമാൻഡിൽ . കൊയിലാണ്ടി മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. തെലങ്കാനയിൽ നിന്നും ഇന്നലെയാണ് പ്രതിയെ പിടികൂടിയത്.

വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് പുലർച്ചെയാണു മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയത്. ഒളിവിൽ പോയ തമിഴ്നാട് സ്വദേശിയായ മധ ജയകുമാറിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഇതര സംസ്ഥാന പൊലീസിനെയും സമീപിച്ചിരുന്നു. കർണാടക വഴി തെല്ലങ്കാനയിലെത്തിയ പ്രതി അത് വഴി മഹാരാഷ്ട്രയിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനിടയിലാണ് തെലങ്കാന പൊലീസിന്റെ പിടിയിലായത്.

തട്ടിപ്പ് പുറത്തായതോടെ മധ ജയകുമാറിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് ഇടപെട്ട് റദ്ദാക്കിയിരുന്നു. രാജ്യം വിടാതിരിക്കാനുള്ള മുൻകരുതൽ നടപടികളും എടുത്തു. തെലങ്കാനയിലെത്തി പുതിയ മൊബൈൽ സിം കാർഡ് വാങ്ങാൻ ശ്രമിച്ചതാണ് പ്രതിയെ കുടുക്കിയത്. ഇതിനായി പുതിയ ആധാർ കാർഡ് എടുക്കാൻ പ്രതി ഏജൻസിയിലെത്തി. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ആണ് മുന്നിലുള്ളത് കേരള പോലീസ് തേടുന്ന പ്രതിയാണെന്ന് ജീവനക്കാർക്ക് മനസിലാകുന്നത്. ഇതോടെ മധ ജയകുമാറിനെ ആധാർ ഏജൻസി ജീവനക്കാർ തടഞ്ഞുവെക്കുകയായിരുന്നു.

തന്നെ തിരിച്ചറിഞ്ഞെന്ന് മനസിലാക്കിയ പ്രതി രക്ഷപ്പെടാനുള്ള നീക്കങ്ങൾ ആരംഭിച്ചു. കയ്യിൽ സ്വയം മുറിപ്പെടുത്തി. അപ്പോഴേക്കും ആധാർ ഏജൻസി ജീവനക്കാർ ഇയാളെ കീഴ്പെടുത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. തെല്ലങ്കാന പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ആശുപത്രിയിൽ എത്തിച്ച് മുറിവിന് ചികിത്സയും നൽകി. പിറകെ കേരള പൊലീസിൽ വിവരം അറിയിച്ചു. രാവിലെ തെല്ലങ്കാനയിൽ എത്തിയ കേരള പൊലീസ് വിമാനമാർഗം പ്രതിയെ കോഴിക്കോട് എത്തിക്കുകയായിരുന്നു.

https://vatakara.news/swindle-by-using-money-instead-of-pawn-gold-massive-gold-fraud-in-bank-of-maharashtra/