വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണത്തട്ടിപ്പ് കേസ്; ബാങ്കിലെ നശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം, മധ ജയകുമാറിന്റെ സഹായി തമിഴ്നാട് സ്വദേശിക്കായി അന്വേഷണം ഊർജ്ജിതം
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് വീണ്ടെടുക്കാൻ അന്വേഷണസംഘം ശ്രമം ആരംഭിച്ചു.
തട്ടിപ്പ് നടത്തിയ സ്വർണം പണയം വെക്കാൻ പ്രതി മധ ജയകുമാറിനു സഹായിച്ച തമിഴ്‌നാട് സ്വദേശി കാർത്തിക്കിനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനാണ് ശ്രമം. തിരുപ്പൂരിലെ ബാങ്കിൽ 20 ബിനാമി അക്കൗണ്ടുകളിലൂടെയാണ് സ്വർണം പണയപ്പെടുത്തി പണം പിൻവലിച്ചത്. കാർത്തികിന്റെ സഹായത്തോടെ പലരുടെയും പേരിലാണ് ബാങ്കിൽ സ്വർണം പണയപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കാർത്തിക്കിനെ പിടികൂടാൻ സാധിച്ചാൽ ഇയാളിൽ നിന്നും തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
രണ്ട് ബ്രാഞ്ചുകളിലായി പണയപ്പെടുത്തിയ 5.300 കി.ഗ്രാം സ്വർണം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ടെടുത്ത സ്വർണം വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ബാക്കി സ്വർണം കൂടി കണ്ടെത്താൻ വീണ്ടും പോലീസ് കസ്റ്റഡി അപേക്ഷ നൽകാനാണ് സാധ്യത.
Description: Vadakara Bank of Maharashtra gold fraud case; Efforts to recover destroyed CCTV footage of bank, search intensified for Madha Jayakumar’s aide from Tamil Nadu