വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ തട്ടിപ്പ് കേസ്; മുൻ മാനേജർ ലക്ഷ്യം വച്ചത് 40 പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകൾ, വടകര സി ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്


വടകര: വടകര എടോടിയിലെ മഹാരാഷ്ട്ര ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പ് നടത്തിയ മേട്ടുപ്പാളയം സ്വദേശിയായ ബാങ്ക് മാനേജർ മധു ജയകുമാർ ലക്ഷ്യമിട്ടത് 40പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകളെന്ന് സൂചന. ഈ അക്കൗണ്ടുകളിൽ നിന്നും സ്വർണം എടുത്ത ശേഷം പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കുറഞ്ഞ പലിശയ്ക്ക് ഇവിടെ സ്വർണം പണയം വച്ചിരുന്നു. ഇതാണ് ഏറെയും തട്ടിയതെന്നാണ് വിവരം.

2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ നടന്ന ഇടപാടുകളിലാണ് തട്ടിപ്പ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞമാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഇയാൾ അവിടെ ജോയിൻ ചെയ്തിരുന്നില്ല. ജോയിൻ ചെയ്യാത്തത് സംബന്ധിച്ച് ബാങ്കിൻെ ഹെഡ് ഓഫീസിൽ നിന്നും വിളിച്ച് അന്വേഷിച്ചിരുന്നോ, ഉണ്ടെങ്കിൽ ആ സമയം ഇയാൾ പറഞ്ഞ കാരണം എന്തായിരുന്നു എന്നതൊക്കെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

വടകര ശാഖയിൽ പുതുതായി ചാർജെടുത്ത മാനേജർ പാനൂർ സ്വദേശി ഇർഷാദ് നടത്തിയ പരിശോധനയിലാണ് സ്വർണ തട്ടിപ്പ് പുറത്ത് വന്നത്. ഇർഷാദാണ് വടകര പോലീസിൽ പരാതി നൽകിയത്. പ്രതിക്കായി സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ബാങ്കുമായി ബന്ധപ്പെട്ട മറ്റാരെങ്കിലും ഈ തട്ടിപ്പിൽ പങ്കാളികളായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വടകര സി ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.