ഓരുജല മത്സ്യ കൃഷിയിൽ സംസ്ഥാന അവാർഡ് നേടിയ പതിയാരക്കരയിലെ സി.ടി.കെ മോഹനന്‌ കർഷക സംഘം വടകര ഏരിയ കമ്മിറ്റിയുടെ ആദരം


പതിയാരക്കര: ഓരുജല മത്സ്യ കൃഷിയിൽ സംസ്ഥാന അവാർഡ് നേടിയ സി.ടി.കെ മോഹനനെ കർഷക സംഘം വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മോഹനൻ്റ ചെറുവറ്റക്കരയിലെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ കർഷക സംഘം ജില്ലാ പ്രസിഡന്റ്‌ സി.ഭാസ്കരൻ സ്നേഹോപഹാരം നൽകി.

ഏരിയ സെക്രട്ടറി എം നാരായണൻ, പ്രസിഡന്റ്‌ സി വിദോഷ്, ആർ ബാലറാം, കെ ഹരിദാസൻ എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തെ മികച്ച ഓരുജല മത്സ്യകർഷകർക്കുള്ള പുരസ്കാരത്തിൽ മൂന്നാംസ്ഥാനമാണ് മോഹനന് ലഭിച്ചത്‌. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മോഹനൻ പുരസ്കാരം ഏറ്റുവാങ്ങി. മത്സ്യക്കൃഷിയിൽ 30 വർഷമായി സജീവമായ മോഹനൻ പതിയാരക്കര ഉപ്പന്തോടിയിൽ ചൊവ്വാപ്പുഴയോട് ചേർന്നുള്ള ഒന്നരയേക്കർ ജലാശയത്തിലാണ് മത്സ്യക്കൃഷി നടത്തുന്നത്. കരിമീൻ, തിരുത, ചെമ്പല്ലി, പൂമീൻ, കാളാഞ്ചി, കാര ചെമ്മീൻ, മഡ് ക്രാബ് തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.