മരണത്തിനും ജീവിതത്തിനുമിടയിലെ നിമിഷങ്ങള്‍; നടക്കുതാഴെ കിണറ്റില്‍ വീണ വയോധികയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി വടകര അഗ്നിരക്ഷാസേന


വടകര: നടക്കുതാഴെ കിണറ്റിൽ വീണ വയോധികയെ വടകര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അമൃതയിൽ വനജ (63)യാണ് ഇന്ന് പുലര്‍ച്ചെ 5മണിയോടെ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണത്. ഉടന്‍ തന്നെ വീട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തുമ്പോള്‍ 12 മീറ്ററോളം ആഴവും അതിൽ 4 മീറ്ററോളം വെള്ളവും ഉള്ള കിണറ്റിൽ സ്ത്രീ വയോധിക അബോധാവസ്ഥയിൽ പൊങ്ങിക്കിടക്കുകയായിരുന്നു.

ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ടി റാഷിദ് കിണറ്റില്‍ ഇറങ്ങി റെസ്ക്യൂ നെറ്റിൻ്റെ സഹായത്താൽ സുരക്ഷിതമായി പുറത്തെത്തിച്ചു. ശേഷം വടകര ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാഗികമായി ഇടിഞ്ഞതും പായൽ നിറഞ്ഞതുമായ കിണറ്റിൽ രക്ഷാപ്രവർത്തനം അപകടം നിറഞ്ഞതായിരുന്നു. എങ്കിലും എത്രയും വേഗത്തില്‍ പുറത്തെടുക്കാൻ കഴിഞ്ഞതിനാലാണ്‌ വനജയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്‌.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ ലിജു വി, ഷിജു ടി.പി, ലിജു എ, ജിബിൻ ടി.കെ സന്തോഷ് കെ, സത്യൻ.എൻ എന്നിവർ ചേർന്നാണ് രക്ഷാപ്രർത്തനം നടത്തിയത്.

Description: Vadakara Agni Raksha Sena rescued an elderly woman who fell into a well